തിരുവല്ല മുനിസിപ്പൽ ബസ് സ്റ്റാൻഡ് പണികൾ ഇഴയുന്നു
1546681
Wednesday, April 30, 2025 3:40 AM IST
തിരുവല്ല: മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ പണികൾ ഇഴയുന്നു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ബസ് സ്റ്റാൻഡ് ടാറിംഗ് ജോലികൾക്കായി തറ ഇളക്കിയിട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി ഈ നിലയിൽ സ്റ്റാൻഡ് കിടക്കുകയാണ്. ബസ് സ്റ്റാൻഡിലേക്ക് ബസുകളുടെ പ്രവേശവും തടഞ്ഞിരിക്കുകയാണ്. ബസുകൾ റോഡിന്റെ ഇരു വശങ്ങളിലുമായാണ് നിലവിൽ പാർക്ക് ചെയ്യുന്നത്.
ബസുകൾ എവിടെയാണ് കിടക്കുന്നതെന്നറിയാതെ യാത്രക്കാരും ബുദ്ധിമുട്ടിലായി. പ്രത്യേകമായ ഒരു പദ്ധതിയുമില്ലാതെയാണ് നഗരസഭ ബസ് സ്റ്റാൻഡിന്റെ പണികൾ ആരംഭിച്ചത്. താത്കാലിക സംവിധാനം ബസുകളുടെ പാർക്കിംഗിനായി നഗരസഭ ഒരുക്കിയിട്ടുമില്ല. ഇക്കാരണത്താൽ ഗതാഗതക്കുരുക്കും യാത്രക്കാർക്ക് ബുദ്ധിമുട്ടും ഏറി.
ബസ് സ്റ്റാൻഡിന്റെ പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് എൻസിപി-എസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് എം.ബി. നൈനാൻ അധ്യക്ഷത വഹിച്ചു.