മാങ്കൂട്ടം ആർഷ വിദ്യാജ്യോതി സ്കൂൾ എംജിഎം ഗ്രൂപ്പ് ഏറ്റെടുത്തു
1546668
Wednesday, April 30, 2025 3:31 AM IST
പത്തനംതിട്ട: ഏഴംകുളം മാങ്കൂട്ടത്തു പ്രവർത്തിച്ചുവരുന്ന ആർഷ വിദ്യാജ്യോതി പബ്ലിക് സ്കൂളിനെ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎം 27-ാമത്തെ വിദ്യാഭ്യാസ സംരംഭമായി ഏറ്റെടുത്തു.
കൊളാബറേറ്റ് ലേണിംഗ്, മൈക്രോ ടീച്ചിംഗ്, ഗ്രൂപ്പ് ലേണിംഗ്, എ-ഐ ലേണിംഗ് തുടങ്ങിയ ആധുനിക സംവിധാനങ്ങളോടെയാണ് കോഴ്സുകൾ ആരംഭിക്കുന്നത്.
സ്മാർട്ട് ക്ലാസ് റൂമിനൊപ്പം മാത്തമാറ്റിക്സ് ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങിയവയും കുട്ടികൾക്കായി സജ്ജമാക്കും.പത്മശ്രീ മമ്മൂട്ടി ചെയർമാനായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ പാവപ്പെട്ട വിദ്യാർഥികൾക്കായി നൂറു ശതമാനം സ്കോളർഷിപ്പോടെ വിദ്യാമൃതം പദ്ധതി നടപ്പാക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
എംജിഎം ഗ്രൂപ്പിന് എൻജിനിയറിംഗ്, ഫാർമസി, ആർട്സ് ആൻഡ് സയൻസ് കോളജുകൾ ഉൾപ്പെടെ 26ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിലുണ്ട്. 2026ൽ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേക്ക് ചുവടുവയ്ക്കും.
എംജിഎം ട്രസ്റ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആൽഫ മേരി, അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുനിൽകുമാർ, ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി ഗോപിനാഥ് മഠത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.