എബിസി പ്രവർത്തനം നിലച്ചിട്ടു രണ്ടു വർഷം; തെരുവുനായ്ക്കളെ പിടികൂടാനാകുന്നില്ല
1547146
Thursday, May 1, 2025 3:47 AM IST
പത്തനംതിട്ട: ജില്ലയിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനങ്ങൾ രണ്ടുവർഷമായി നടക്കുന്നില്ല. ഇതോടെ ഇവയെ പിടികൂടാൻ യാതൊരു നടപടിയുമില്ല. തെരുവോരങ്ങൾ കൈയടക്കിയിരിക്കുന്ന നായ്ക്കൾ ഇടയ്ക്കൊക്കെ ആക്രമണകാരികളായി മാറാറുണ്ട്.
നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി സംരക്ഷിക്കുക മാത്രമാണ് നിയമപരമായി തദ്ദേശ സ്ഥാപനങ്ങൾക്ക് ചെയ്യാനുള്ളത്. എന്നാൽ വന്ധ്യംകരണത്തിനും സംരക്ഷണത്തിനും മാർഗമില്ലാതെ വന്നതോടെ ഇതിനായി തയാറാക്കിയ ആനിമൽ ബർത്ത് കൺട്രോൾ സിസ്റ്റം (എബിസി) പൂർണമായി നിലച്ചു. രണ്ടുവർഷം മുന്പ് എല്ലാ തദ്ദേശസ്ഥാപനങ്ങളെയും ഉൾപ്പെടുത്തി എബിസി പ്രവർത്തനം ആരംഭിച്ചിരുന്നു.
എന്നാൽ തെരുവുനായ്ക്കളെ പിടികൂടുന്നതും ഇവയെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിച്ച് വന്ധ്യംകരിക്കുന്നതും ഭാരിച്ച ബാധ്യതയായി മാറിയതിനു പിന്നാലെ പദ്ധതി ഉപേക്ഷിച്ചു.
ജില്ലാതല എബിസി കേന്ദ്രം
പത്തനംതിട്ട ജില്ലയ്ക്കായി ഒരു എബിസി കേന്ദ്രത്തിന്റെ നിർമാണം പുളിക്കീഴിൽ ആരംഭിച്ചിട്ട് വർഷങ്ങളായി. ജില്ലാ പഞ്ചായത്തിന്റെ നേരിട്ടുള്ള പദ്ധതിയാണിത്. അഞ്ചുവർഷം മുന്പ് പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും തുടക്കത്തിൽത്തന്നെ പാളിച്ചകളേറെയുണ്ടായി. കേന്ദ്രം നിർമാണത്തിന് അനുമതി ലഭിച്ച് നിർമാണം തുടങ്ങാൻ വൈകി.
ഇത്തവണത്തെ ബജറ്റിലും എബിസി കേന്ദ്രവും മൃഗസംരക്ഷണ മേഖലയ്ക്കുമായി രണ്ടുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. നിർമാണം ഇപ്പോൾ ദ്രുതവേഗം നടന്നുവരികയാണ്. പൂർത്തീകരണ ജോലികൾക്കായി 20 ലക്ഷം രൂപയും നൽകിയിട്ടുണ്ട്.
ജില്ലയുടെ ഏതുഭാഗത്തുനിന്നും പിടികൂടന്ന തെരുവുനായ്ക്കളെ പുളിക്കീഴിൽ എത്തിച്ച് വന്ധ്യംകരിക്കാനാണ് കേന്ദ്രം തുറക്കുന്നത്. ഇതിനായി മെച്ചപ്പെട്ട ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയാണ് നിർമിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസ്റ്റീജ് പദ്ധതിയായി ഇതിനെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നിലവിലെ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതിനു മുന്പ് കേന്ദ്രം തുറക്കാനാകുമെന്നാണ് പ്രതീക്ഷ. എബിസി കേന്ദ്രം പൂർത്തിയാകുന്നതോടെ തെരുവുനായ്ക്കളുടെ വന്ധ്യംകരണം പുനരാരംഭിക്കാനാകുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ മാത്രമാണ് പ്രതിരോധ നടപടിയുടെ ഭാഗമായി നടക്കുന്നത്. എല്ലാ നായ്ക്കൾക്കും വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുമുണ്ട്. എബിസി കേന്ദ്രം ഇക്കൊല്ലം പൂർത്തിയാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാമും അറിയിച്ചു.
നായ്ക്കളെ ആരു പിടിക്കും
നഗരങ്ങളിലും ഗ്രാമീണ മേഖലയിലും അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടപടികൾക്കു വിധേയമാക്കുകയെന്നത് തദ്ദേശസ്ഥാപനങ്ങളുടെ ചുമലിൽ കെട്ടിവച്ചിരിക്കുന്ന ജോലിയാണ്. എന്നാൽ ഇവയെ പിടികൂടാൻ ആളെ കിട്ടാറില്ല. തെരുവുനായ്ക്കൾ ശല്യക്കാരായി മാറിയപ്പോൾ നായ്ക്കളെ പിടികൂടാനായി കുടുംബശ്രീ പ്രവർത്തകരടക്കമുള്ളവരെ പരിശീലനം നൽകി നിയോഗിച്ചിരുന്നു.
നായ്ക്കളെ പിടികൂടാനായി അന്പതിലധികം ആളുകൾക്ക് ജില്ലയിൽ തന്നെ പരിശീലനം നൽകിയതാണ്. എന്നാൽ എബിസി പദ്ധതി പാളിയതോടെ തെരുവുനായ്ക്കൾക്കും രക്ഷയായി. അടൂർ, പത്തനംതിട്ട മേഖലകളിൽ തെരുവുനായ ആക്രമണംമൂലം പരിക്കേൽക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
നഗരപ്രദേശങ്ങളിൽ ഇവയുടെ ശല്യം ഏറിയതോടെ ആളുകൾ ഭീതിയിലാണ്. ബസ് സ്റ്റാൻഡ്, സ്റ്റേഡിയം, കടത്തിണ്ണകൾ എന്നിവിടങ്ങളിൽ തന്പടിക്കുന്ന നായ്ക്കൾ കൂട്ടമായ ആക്രമണമാണ് ആളുകൾക്കു നേരേ പലപ്പോഴും നടത്തുന്നത്.