വീട്ടമ്മയെ ഉപദ്രവിച്ച കേസിലെ പ്രതിക്ക് തടവ്
1547139
Thursday, May 1, 2025 3:36 AM IST
പത്തനംതിട്ട: വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ഒന്നര വർഷത്തെ തടവും പിഴയും. കൊല്ലം പത്തനാപുരം പുന്നല ചാചിപ്പുന്ന എഞ്ചൂർ തെക്കേക്കര ലക്ഷംവീട്ടിൽ നവാസി(ഷൈജു-40)നെയാണ് പത്തനംതിട്ട ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ട് പി. അഞ്ജലി ദേവി ശിക്ഷിച്ചത്. കൊടുമൺ പോലീസ് 2018ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി.
മുടിയൂർക്കോണം സ്വദേശിനിയെ വീട്ടിലേക്ക് നടന്നു പോകവേ 2018 മേയ് 20ന് രാത്രി ഏഴിനു പിന്നിലൂടെ വന്ന പ്രതി കടന്നുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തള്ളിയിടുകയും വസ്ത്രം വലിച്ചുകീറുകയും വായ് പൊത്തിപ്പിടിച്ച് ഉപദ്രവിക്കുകയും ചെയ്തു.
അന്നത്തെ കൊടുമൺ എസ്ഐ ആയിരുന്ന വൈ. തോമസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ബലാത്സംഗശ്രമത്തിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമായിരുന്നു കേസെടുത്തത്.