ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പുനഃസ്ഥാപിക്കണം: ആന്റോ ആന്റണി
1547145
Thursday, May 1, 2025 3:47 AM IST
ചരൽക്കുന്ന്: കുട്ടികൾക്കും അധ്യാപകർക്കുംവേണ്ടി ഗുണപരമായി പ്രവർത്തിച്ചിരുന്ന ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പുനഃസ്ഥാപിക്കണമെന്ന് ആന്റോ ആന്റണി എംപി. കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന നേതൃ ക്യാന്പ് ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹയർ സെക്കൻഡറി കുട്ടികളുടെ അക്കാദമിക വിഷയങ്ങളിലും സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അക്രമങ്ങളും ലഹരിവ്യാപാനവും തടയാനും അച്ചടക്കം നിലനിർത്തി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ല. അധ്യാപകർക്ക് ആത്മവിശ്വാസത്തോടെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും എംപി അഭിപ്രയാപ്പെട്ടു.
കുട്ടികളുടെ എണ്ണക്കുറവിന്റെ പേരിൽ ഹയർ സെക്കൻഡറി ബാച്ചുകളും അധ്യാപക തസ്തികകളും ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ലെന്നും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നതിനുള്ള അവകാശം കുട്ടികൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.ടി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് സമദ് പത്തനംതിട്ട, ഒ. ഷൗക്കത്തലി, നിസർ ചേലേരി, വി.കെ. അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.