മല്ലപ്പള്ളി-ചേലക്കൊന്പ് റോഡ് നിർമാണം: സ്ഥലം ഏറ്റെടുക്കൽ സമയബന്ധിതമാക്കും
1546679
Wednesday, April 30, 2025 3:40 AM IST
തിരുവല്ല: തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡ് സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതിന് സമയക്രമം നിശ്ചയിക്കാൻ റവന്യുമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിൽ ധാരണ. മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ മാത്യു ടി. തോമസ് എംഎൽഎയുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.
2016ൽ ഭരണാനുമതി ലഭിച്ചിട്ടും സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിക്കുവാൻ സാധിക്കാത്തതിനാൽ നിർമാണം തുടങ്ങുന്നതിന് സാധിക്കാതിരിക്കുന്ന റോഡിന്റെ സ്ഥലമെടുപ്പ് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾക്ക് യോഗത്തിൽ സമയക്രമം നിശ്ചയിച്ചു നൽകി.
ഇതനുസരിച്ച് ഇന്നുതന്നെ സ്ഥലമേറ്റെടുക്കൽ വിജ്ഞാപനത്തിനുള്ള നിർദേശം ജില്ലാ കളക്ടർ സർക്കാരിലേക്ക് സമർപ്പിക്കും. ഇതോടൊപ്പം വിളകളുടെയും വൃക്ഷങ്ങളുടെയും നിർമിതികളുടെയും മൂല്യനിർണയത്തിനായി കൃഷിവകുപ്പ് സോഷ്യൽ ഫോറസ്ട്രി, പൊതുമരാമത്ത് വകുപ്പുകളുടെ യോഗം വിളിക്കും.
സർവേയർമാരുടെ അഭാവം നികത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാനും ഡിപിആർ, ബിവിഎസ് എന്നിവ തയാറാക്കുക, അധികമായി ഏറ്റെടുക്കേണ്ട ഭൂമിയുടെ സാമൂഹികാഘാത പഠനം മേയിൽ ആരംഭിക്കുക, കൂട്ടിച്ചേർക്കൽ വിജ്ഞാപനം ജൂണിൽ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, റവന്യുവകുപ്പ് അഡീഷണൽ സെക്രട്ടറി ഷീബ ജോർജ്, പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി എ. ഷിബു, റവന്യു, റിക്ക് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.