കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിച്ചു; പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും
1546670
Wednesday, April 30, 2025 3:31 AM IST
പത്തനംതിട്ട: കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിച്ചതിന് എടുത്ത കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും. പത്തനംതിട്ട ആറന്മുളയില് വിമാനത്താവള മിച്ചഭൂമി കൈയേറി താമസിക്കുന്ന വെണ്ണപ്പറ പാറയില്‍ വീട്ടില്‍ പൊടിയനെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. ശ്രീരാജ്
ശിക്ഷിച്ചത്.
പൊടിയന് താമസ സ്ഥലത്ത് അഞ്ച് കഞ്ചാവ് ചെടികളാണ് നട്ടുവളര്‍ത്തി പരിപാലിച്ചത്. എക്സൈസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ പിടിച്ചെടുക്കുകയും പത്തനംതിട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ശ്യാംകുമാര്‍ എന്‍ഡിപിഎസ് ക്രൈം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രാജീവ് ബി . നായര്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ പി. ആർ. അനില്‍കുമാര്‍ ഹാജരായി.