ചന്ദനപ്പള്ളി ഓർത്തഡോക്സ് പള്ളി പെരുന്നാൾ ഇന്നു മുതൽ
1547147
Thursday, May 1, 2025 3:47 AM IST
പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ഇന്നു മുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. സുനിൽ ഏബ്രഹാം പത്രസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ ദിവസവും രാവിലെ 6.45ന് മൂന്നിന്മേൽ കുർബാന, വൈകുന്നേരം സന്ധ്യാപ്രാർഥന എന്നിവ ഉണ്ടാകും.
ഇന്നു രാവിലെ 6.45ന് ഡോ. സഖറിയാസ് മാർ അപ്രേമിന്റെ നേതൃത്വത്തിൽ കുർബാന. 10ന് പിതൃസ്മൃതി, ഉച്ചകഴിഞ്ഞ് മൂന്നിന് യൂത്ത് കോൺക്ലേവ് ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10ന് വനിതാസംഗമം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മൂന്നിനു രാവിലെ 9.30ന് തുമ്പമൺ ഭദ്രാസന ശതോത്തര രജത ജൂബിലിയുടെ ഭാഗമായി മതമൈത്രീ സംഗമം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഡോ. ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിക്കും.
നാലിന് സാന്ത്വനം പ്രാർഥനാദിനം. 10.30ന് ഇടവക ദിനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് വയലിൻ ഫ്യൂഷൻ.
അഞ്ചിന് രാവിലെ10ന് ബാലസമാജം തുമ്പമൺ ഡിസ്ട്രിക്ടിന്റെ വർണക്കൂടാരം. ഏഴിന് ലോക പ്രവാസി സംഗമം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. പ്രവാസി കൺവീനർ മാത്യൂസ് പി ജേക്കബ് അധ്യക്ഷത വഹിക്കും. രാത്രി എട്ടിന് കൊച്ചിൻ കലാഭവന്റെ മ്യൂസിക്കൽ മെഗാ ഷോ. മേയ് 6ന് ക്രൈസ്തവ സാഹിത്യ സംഗമം ഫാ. ഡോ. കെ.എം.ജോർജ് ഉദ്ഘാടനം ചെയ്യും.
ഏഴിനു രാവിലെ 6.45ന് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10ന് പൊന്നിൻകുരിശ് സമർപ്പണം, മൂന്നിന് പദയാത്ര സംഗമം, രാത്രി എട്ടിന് ഇടവകയുടെ നാല് അതിർത്തികളെയും ബന്ധിപ്പിച്ചുള്ള രാത്രി റാസ, തുടർന്ന് കൊച്ചിൻ ക്ലാസിക് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും.
എട്ടിനു രാവിലെ ആറിനു ചെമ്പിൽ അരിയിടീൽ കർമം, ഏഴിന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. 11ന് തീർഥാടക സംഗമം പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.
അഞ്ചിന് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് . മന്ത്രി പി. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. എട്ടിനു താള വിസ്മയം, കൊല്ലം അമലയുടെ നാടകം എന്നിവഉണ്ടായിരിക്കും. 11 ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
സഹവികാരി ഫാ. ജോബിൻ യോഹന്നാൻ, ട്രസ്റ്റി വർഗീസ് കെ. ജയിംസ്, എം.പി. ഷാജി, ഡോ. ജോർജ് വർഗീസ്, റോയ് വർഗീസ്, ഷെയ്ൻ മാത്യു ജസ്റ്റ്, ജേക്കബ് ജോർജ്, പോൾ ജി. ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മൈലപ്ര സെന്റ് ജോർജ് പള്ളിയിൽ
പത്തനംതിട്ട: മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രധാന പെരുന്നാൾ ആറ്, ഏഴ് തീയതികളിൽ നടക്കും. പെരുന്നാളിനോടനുബന്ധിച്ച പരിപാടികൾക്ക് ഇന്നു തുടക്കമാകുമെന്ന് വികാരി ഫാ.തോമസ് കെ. ചാക്കോ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നു രാവിലെ കുർബാന, 10ന് മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10.30ന് ധ്യാനം, മൂന്നിന് 1.30ന് മർത്തമറിയം വനിതാ സമാജം ഭദ്രാസന വർഷിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും .
നാലിനു രാവിലെ കുർബാനയേത്തുടർന്ന് തീർഥാടക വാരാഘോഷം ഉദ്ഘാടനം ഡോ. ഏബ്രഹാം മാർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജോർജിയൻ അവാർഡ് ഫോർ എക്സലൻസ് ചലച്ചിത്ര താരം അജു വർഗീസിന് നൽകും. രണ്ടിന് അഖില മലങ്കര ക്വിസ് മത്സരം.
അഞ്ചിനു രാവിലെ കുർബാന, തുടർന്ന് ഇടവകയിലെ 75 വയസ് തികഞ്ഞവരെ ആദരിക്കൽ.
പെരുന്നാളിന്റെ പ്രധാന ദിവസമായ ആറിനു രാവിലെ 6.45ന് കുർബാന, 10ന് പിതൃ സ്മൃതിയും 10.30ന് ഇടക്കര സെന്റ് മേരീസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡപ്രാർഥന.
സമാപന ദിവസമായ ഏഴിനു രാവിലെ 7.30ന് പ്രഭാത നമസ്കാരവും തുടർന്ന് മൂന്നിന്മേൽ കുർബാന. തുടർന്ന് പകൽ റാസ, ശ്ലൈഹിക വാഴ്വ്, കുട്ടികൾക്കുള്ള ആദ്യ ചോറൂണ് നേർച്ച , 12ന് പെരുന്നാൾ വെച്ചൂട്ട് 1.30ന് പ്രസിദ്ധമായ ചെമ്പെടുപ്പ് . തുടർന്ന് കൊടിയിറക്കോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. രാത്രി ഏഴിന് തിരുവനന്തപുരം അമല തീയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകവും ഉണ്ടാകും.
ട്രസ്റ്റി കെ.കെ. മാത്യു കോടിയാട്ട്, സെക്രട്ടറി ആകാശ് മാത്യു വർഗീസ് തടിയിൽ പടിഞ്ഞാറ്റേതിൽ, ജനറൽ കൺവീനർ ബിജു സാമുവേൽ മണ്ണിലയ്യത്ത്, കൺവീനർമാരായ ലിന്റോ എം. ജോർജ് മന്ദപ്പുഴ, പ്രിൻസ് പി ജോർജ് പായിക്കാട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മെഴുവേലി മലങ്കാവ് പള്ളിയിൽ
മെഴുവേലി: ജോർജിയൻ തീർഥാടന കേന്ദ്രമായ മെഴുവേലി സെന്റ് ജോർജ് ശാലേം യാക്കോബായ പള്ളിയിൽ 105-ാമത് പെരുന്നാളിനു കൊടിയേറി. ഇടവക സഹവികാരി ഫാ. ജോൺ കുര്യാക്കോസ് കൊടിയേറ്റ് നിർവഹിച്ചു.
ഭദ്രാസന ഗോസ്പൽ ടീമിന്റെ നേതൃത്വത്തിൽ ഒരുക്കധ്യാനം നടന്നു. ഇന്നും നാളെയും വൈകുന്നേരം കൺവൻഷൻ. മൂന്ന്, നാല്, അഞ്ച് തീയതികളിൽ ഗ്രാമംചുറ്റിയുള്ള പ്രദക്ഷിണം, അഞ്ചിനു വെച്ചൂട്ട്.