ത്രീ ഓണ്‍ ത്രീ ബാസ്കറ്റ്: പുഷ്പഗിരിയും ബാസ്കറ്റ് ബോള്‍ ക്ലബ്ബും ജേതാക്കള്‍
1569654
Monday, June 23, 2025 3:51 AM IST
തിരുവല്ല: തിരുവല്ലയില്‍ നടന്ന ത്രീ ഓണ്‍ ത്രീ ബാസ്കറ്റ് ബോളില്‍ തിരുവല്ല ബാസ്കറ്റ്ബോള്‍ ക്ലബ് പുരുഷന്മാരുടെ വിഭാഗത്തിലും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് വനിതാ വിഭാഗത്തിലും ജേതാക്കളായി. ഒളിമ്പിക് ദിനം പ്രമാണിച്ച് പത്തനംതിട്ട ജില്ലാ ബാസ്കറ്റ് ബോള്‍ അസോസിയേഷനും ഒളിമ്പിക് അസോസിയേഷനും ചേര്‍ന്ന് തിരുവല്ലയിലെ സ്റ്റെല്ല മേരീസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
സീനിയര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജോഷ്വ സുനില്‍ ഉമ്മൻ, സംസ്ഥാന താരം വൈഷ്ണവ് , അനസ് എന്നിവര്‍ക്കൊപ്പം ന്യൂസിലന്‍ഡ് ലീഗില്‍ ഇന്ത്യന്‍ പാന്തേഴ്സിനായി ജഴ്സി അണിഞ്ഞ സജിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ തിരുവല്ല ബാസ്കറ്റ്ബോള്‍ ക്ലബ്, മാവേലിക്കര ടൗണ്‍ ക്ലബിന് (226) പരാജയപ്പെടുത്തി പുരുഷ ജേതാക്കളായപ്പോള്‍ വനിതാവിഭാഗത്തില്‍ കേന്ദ്രീയ വിദ്യാലയ അടൂരിനെ പരാജയപ്പെടുത്തിയാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ജേതാക്കളായത്.
പുരുഷ വിഭാഗത്തില്‍ 13 ടീമുകളും വനിതകളില്‍ നാല് ടീമുകളും മാറ്റുരച്ച ഈ ഏകദിന മത്സരത്തില്പുരുഷ സെമിയില്‍ തിരുവല്ല ബാസ്കറ്റ്ബോള്‍ ക്ലബ് ബാറ്റ് ബാസ്കറ്റ്ബോള്‍ മാവേലിക്കരയെയും (187) ടൗണ്‍ ക്ലബ് മാവേലിക്കര ബാസ്കറ്റ്ബോളേഴ്സ് തിരുവല്ലയെയും (215) തോല്‍പ്പിച്ചു.
വനിതകളുടെ സെമി ഫൈനലില്‍ പുഷ്പഗിരി ക്രൈസ്റ്റ് ക്ലബ് മുത്തൂരിനെ (72) തോല്‍പ്പിച്ചപ്പോൾ കേന്ദ്രീയ വിദ്യാലയം അടൂര്‍ മെഡിക്കോസ് തിരുവല്ലയെ (42) പരാജയപ്പെടുത്തി. സമാപന സമ്മേളനത്തില്‍ സിസ്റ്റര്‍ ലിസിമോള് ജോസഫ് വിശിഷ്ടാതിഥിയായിരുന്നു.