ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് തിരുവല്ലയില്‍ വരവേല്പ് നൽകി
1569261
Sunday, June 22, 2025 2:58 AM IST
തിരുവല്ല: ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്ക് തിരുവല്ലായില്‍ വന്‍ വരവേല്പ്. ഇന്നലെ ഉച്ചകഴിഞ്ഞ് മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ നേതൃത്വത്തില്‍ കാതോലിക്കാബാവയെ സെന്റ് ജോണ്‍സ് കത്തീഡ്രല്‍ അങ്കണത്തില്‍ സ്വീകരിച്ചു.
അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത് കത്തിഡ്രല്‍ പള്ളിയുടെ മുമ്പില്‍ എത്തിച്ചേര്‍ന്ന ബാവയെയും സഭയിലെ മെത്രാപ്പോലീത്തമാരെയും ആര്‍ച്ച് ബിഷപ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ സഭയുടെ ആദരം ഡോ.തോമസ് മാര്‍ കൂറിലോസ് നല്കി.
മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ തേവോദോസിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ഐസക് പാറപ്പള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ സ്വീകരണ ഘോഷയാത്ര കത്തീഡ്രലില്‍ നിന്നാരംഭിച്ചു. സഭയിലെ വിശ്വാസികളും തിരുവല്ലയിലെ പൗരാവലിയും ചേര്‍ന്ന് കാവുംഭാഗം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തിഡ്രിലേക്ക് ഘോഷയാത്രയായി കാതോലിക്കാ ബാവയെ സ്വീകരിച്ചാനയിച്ചു.
സ്വീകരണ സമ്മേളനം മലങ്കര മാര്‍ത്തോമ്മ സഭ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ തെയോഫിലോസ് അനുഗ്രഹപ്രഭാഷണം നടത്തി .ആന്റോ ആന്റണി എംപി, മാത്യു ടി.തോമസ് എംഎല്‍എ,
മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഡോ. മാത്യൂസ് മാര്‍ തേവോദോസിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, കുറിയാക്കോസ് മാര്‍ ഇവാനിയോസ്, വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, എന്‍എസ്എസ് യൂണിയന് താലൂക്ക് പ്രസിഡന്റ് ആര്. മോഹന്‍ കുമാർ, എസ്എന്‍ഡിപി തിരുവല്ല അഡ്മിനിസ്ട്രേറ്റര്‍ സന്തോഷ് ശാന്തി, ചലച്ചിത്ര സംവിധായകന് ബ്ലസി, ഫാ. ജോയിക്കുട്ടി വര്‍ഗീസ്, ഫാ. റോജന്‍ പി രാജൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.