ഇടമുറി സ്കൂളിൽ ക്രിയേറ്റീവ് കോർണർ വർക്ക് ഇന്റഗ്രേറ്റഡ് ലാബ്
1569043
Saturday, June 21, 2025 3:13 AM IST
റാന്നി: സമഗ്ര ശിക്ഷാ കേരളം കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ യുപി വിഭാഗം വിദ്യാർഥികൾക്കായി നടപ്പാക്കുന്ന സംയോജിത തൊഴിൽ പരീക്ഷണശാല ക്രിയേറ്റീവ് കോർണർ ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സാംജി ഇടമുറി അധ്യക്ഷത വഹിച്ചു.
ബിപിസി ഷാജി എ. സലാം പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡന്റ് സുനിൽ കുമാർ, പ്രിൻസിപ്പൽ ബിവിൻ സിംഗ്, പ്രഥമാധ്യാപകൻ എം.കെ. മോഹൻദാസ്, അധ്യാപകരായ ആർ. പ്രസാദ്, കെ.കെ. ശശീന്ദ്രൻ, സി.ജി. ഉമേഷ്. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എസ്. ദീപ്തി, സ്കൂൾ കൗൺസിലർ ആർ. രജനി എന്നിവർ പ്രസംഗിച്ചു.
വിവിധ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളിലൂടെ പാഠപുസ്തകങ്ങളിലെ ആശയങ്ങളെ രസകരവും ക്രിയാത്മകവുമായി കുട്ടികൾക്ക് അനുഭവവേദ്യമാക്കുക, കുട്ടികൾക്ക് വിവിധ തൊഴിൽ മേഖലകളിലെ തൊഴിലുപകരണങ്ങളെ പരിചയപ്പെടുത്തുക, കുട്ടികളിൽ തൊഴിൽ നൈപുണികളും ജീവിത നൈപുണികളും വളർത്തുക തുടങ്ങിയവയാണ് ക്രിയേറ്റീവ് കോർണർ - വർക്ക് ഇന്റഗ്രേറ്റഡ് ലാബ് കൊണ്ട് ലക്ഷ്യമിടുന്നത്. കാർഷിക പ്രവർത്തനങ്ങൾ,
ഇലക്ട്രോണിക്സ്, പ്ലംബിംഗ്, വയറിംഗ്, കുക്കിംഗ്, ഫാഷൻ ടെക്നോളജി, വുഡ് വർക്ക്, കോമൺ ടൂൾസ് എന്നിവയിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകുമെന്ന് ബിപിസി ഷാജി എ. സലാം പറഞ്ഞു.