ദീപിക -ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആദരം 2025, ഇന്ന് റാന്നിയിൽ
1569032
Saturday, June 21, 2025 2:59 AM IST
റാന്നി: ദീപിക - ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആദരം 2025, ഇന്ന് റാന്നി സിറ്റഡൽ റസിഡൻഷൽ സ്കൂളിൽ നടക്കും. ഇക്കഴിഞ്ഞ പത്ത്, 12 ക്ലാസുകളിലെ പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയ കുട്ടികളെയും പ്ലസ്ടു സയൻസ് വിഷയത്തിൽ 80 ശതമാനത്തിലധികം മാർക്ക് നേടിയ കുട്ടികളെയും നൂറുശതമാനം വിജയം കൈവരിച്ച സ്കൂളുകളെയുമാണ് ദീപികയുടെ ആഭിമുഖ്യത്തിൽ ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെന്നൈയുടെ സഹകരണത്തിൽ ആദരിക്കുന്നത്.
ഉച്ചകഴിഞ്ഞ് രണ്ടിന് റാന്നി സിറ്റഡൽ റസിഡൻഷൽ സ്കൂളിൽ നടക്കുന്ന ആദരിക്കൽ സമ്മേളനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും. ദീപിക ജനറൽ മാനേജർ ഫാ.രഞ്ജിത് ആലുങ്കൽ ആമുഖപ്രസംഗം നടത്തും. മുൻ എംഎൽഎ രാജു ഏബ്രഹാം മുഖ്യസന്ദേശം നൽകും.
മാർത്തോമ്മ സഭ നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, സിറ്റഡൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോബിൻ റ്റി. ജയിംസ്, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും.
ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ആനന്ദ് ജേക്കബ് വർഗീസ് ഉന്നത പഠനവുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളെ സംബന്ധിച്ചു ക്ലാസ് നയിക്കും. ജർമൻ ഭാഷാപാഠനം, കോഴ്സുകൾ സംബന്ധിച്ച് സീക് ലിമിറ്റിഡ് കരിയർ കൺസൾട്ടന്റ് ജിബിൻ ബിനു ജോസഫ് ക്ലാസെടുക്കും.
ഹിന്ദുസ്ഥാൻ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ഡോ.കെ.സി.ജി. വർഗീസിന്റെ 85 -ാം ജന്മദിനത്തോടനുബന്ധിച്ചാണ് ദീപിക - ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാഡമിക് എക്സലൻസ് അവാർഡ് (ആദരം 2025) സംഘടിപ്പിച്ചിരിക്കുന്നത്.