ഒളിന്പിക്സ് ദിനാഘോഷം: ദീപശിഖാ പ്രയാണം നടന്നു
1569037
Saturday, June 21, 2025 2:59 AM IST
പത്തനംതിട്ട: അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ദീപശിഖാ പ്രയാണം വിവിധ സ്കൂളുകളിൽ എത്തി. കാതലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പരിപാടിയിൽ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ കായികതാരങ്ങൾക്ക് ദീപശിഖ കൈമാറി.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എഡിഎം ബി.ജ്യോതി, കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, എക്സൈസ് ഇൻസ്പെക്ടർ കെ.എം. ഷിഹാബുദ്ദീൻ, എ ഇ ഒ അമ്പിളി ഭാസ്കരൻ, കടമ്മനിട്ട കരുണാകരൻ, കാതോലിക്കേറ്റ് കോളജ് ഫിസിക്കൽ എഡ്യുക്കേഷൻ ഇൻ ചാർജ് ജിജോ കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, അംഗങ്ങളായ ഡോ. ചാർളി, എൻ. ചന്ദ്രൻ, സുമേഷ് ഐശ്വര്യ തുടങ്ങിയവർ ദീപശിഖ പ്രയാണത്തിന് നേതൃത്വം നൽകി.
ദേശീയ കായിക താരം രേവതി എസ്. നായർ ദീപശിഖയേന്തി. കാതോലിക്കേറ്റ്, മഡോണ, അമൃത വിദ്യാലയം പത്തനംതിട്ട, മൗണ്ട് ബഥനി മൈലപ്ര , മൗണ്ട് ബഥനി കുമ്പഴ, ഹോളി ഏഞ്ചൽസ് അടൂർ, നാഷണൽ ഏഴംകുളം എന്നീ വിദ്യാലയങ്ങളിൽ ദീപശിഖാ പ്രയാണത്തെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചു.
കായിക മേഖലയിലെ പങ്കാളിത്തം കുട്ടികളെ ലഹരി എന്ന മഹാവിപത്തിൽ അകപ്പെടാതെ സംരക്ഷിക്കും സന്ദേശവും പങ്കുവച്ചാണ് ഒളിമ്പിക്സ് ദിന വാരാഘോഷം നടക്കുന്നത്.