സ്കൂൾ ബസ് ഡ്രൈവർ മദ്യലഹരിയിൽ; കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിച്ച് പോലീസ്
1569039
Saturday, June 21, 2025 2:59 AM IST
പത്തനംതിട്ട: മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി കൊകോളത്തി തടത്തില്‍ വീട്ടില്‍ ലിബിന് ചന്ദ്രനെയാണ് (36) ട്രാഫിക് പോലീസ് എസ്ഐ അജി സാമൂവലിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
സീനിയർ എസ്പിഒ ജയപ്രകാശ് പിന്നീട് സ്കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചു. അടുത്ത ട്രിപ്പിലുള്ള വിദ്യാർഥികളെയും ജയപ്രകാശ് തന്നെ വാഹനം ഓടിച്ച് സ്കൂളിലാക്കി. ഇന്നലെ രാവിലെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് വാഹനപരിശോധനയ്ക്കിടെ ഇലന്തൂരിലെ സ്വകാര്യ സ്കൂള്‍ ബസ് ഡ്രൈവര്‍ കുടുങ്ങിയത്.
ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും.പത്തനംതിട്ട എസ്ഐ ഷിജു പി. സാം, സിപിഒ ശരത് ലാല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.