ശബരി റെയിൽപ്പാത ദീർഘിപ്പിക്കുന്നത് ഗുണകരമാകും: ജോർജ് കുര്യൻ
1570933
Saturday, June 28, 2025 3:38 AM IST
പത്തനംതിട്ട: ശബരി റെയിൽപ്പാത എരുമേലിയിൽ അവസാനിപ്പിക്കാതെ പുനലൂർ വഴി തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനോടു കേന്ദ്ര സർക്കാരിനു പൂർണ യോജിപ്പാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. അടുത്തഘട്ടത്തിൽ ഇതു പരിഗണിക്കാവുന്നതാണ്.
ഇതോടെ കേരളത്തിൽ തിരുവനന്തപുരത്തേക്ക് മൂന്നാമതൊരു പാത കൂടി ഉണ്ടാകും. വിഴിഞ്ഞം തുറമുഖം അടക്കമുള്ളവയുമായി നേരിട്ടു ബന്ധമുള്ള ഒരു റെയിൽവേ ലൈനായി ഇതു മാറണം. പുനലൂർ - ചെങ്കോട്ട പാതയുമായി ബന്ധപ്പെടുന്പോൾ തമിഴ്നാട്ടിലേക്കും പുതിയ ഒരു പാതയാകും.
സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം താത്പര്യപ്പെടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശബരി റെയിൽവേയുമായി ബന്ധപ്പെട്ടു കേരളം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ സ്വാഗതാർഹമാണ്.
ശബരിമല റോപ് വേയുമായി ബന്ധപ്പെട്ട നടപടികൾ കേരളത്തിൽ പൂർത്തിയാക്കി പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടുകൂടി ലഭിച്ചാൽ അനുകൂലമായ സമീപനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളിൽ അനുകൂലമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചുവരുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു.
അടിയന്തരാവസ്ഥയിൽ കൊടിയ പീഡനങ്ങൾക്കിരയായവർക്ക് പെൻഷൻ അനുവദിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തു മറ്റുചില സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ പെൻഷൻ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.