കുട്ടികൾക്കായി മലയാലപ്പുഴയിൽ പാർക്ക്
1570935
Saturday, June 28, 2025 3:38 AM IST
മലയാലപ്പുഴ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കുട്ടികളുടെ പാർക്ക് മലയാലപ്പുഴയിൽ ഒരുങ്ങുന്നു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻവശത്തായാണ് ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് പാർക്ക് നിർമിക്കുന്നത്.
കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനുള്ള കളി ഉപകരണങ്ങൾ, ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റ്, ആൽത്തറ, ഐസ് ക്രീം പാർലറിന് ആവശ്യമായ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പാർക്ക് നിർമിക്കുന്നത്.
തറനിരപ്പിൽനിന്ന് ഉയർത്തി, ആകർഷകമായ ചുറ്റു മതിലോടെയാകും പാർക്ക് ഒരുങ്ങുക. പാർക്കിന്റെ നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായർ അധ്യക്ഷത വഹിച്ചു.