സ്കൂട്ടർ യാത്രക്കാരിയെ തള്ളിയിട്ട യുവാവ് പിടിയിൽ
1571147
Sunday, June 29, 2025 3:30 AM IST
മല്ലപ്പള്ളി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ യുവതിയെ പിന്തുടർന്നെത്തി പുറത്ത് പിടിച്ച് തള്ളിയിട്ട് പരിക്കേല്പിച്ച കേസിൽ യുവാവിനെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വായ്പൂർ കോട്ടാങ്ങൽ പുത്തൻപുരയിൽ വിഷ്ണു മോനാണ് (20) അറസ്റ്റിലായത്. വായ്പൂര് സ്വദേശിനിയെ കഴിഞ്ഞ 16 ന് രാത്രി 8.45 ന് ശാസ്താംകോയിക്കൽ വച്ചാണ് ഇയാൾ ഇപ്രകാരം ആക്രമിച്ചത്.
നാട്ടുകാരുടെ സഹായത്തോടെ മല്ലപ്പള്ളിയിൽ നിന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്. മല്ലപ്പള്ളിയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ഇയാൾ. ആക്രമണത്തിൽ സ്കൂട്ടറിൽ നിന്നും മറിഞ്ഞ് റബർ തോട്ടത്തിൽ വീണ് യുവതിയുടെ ഇടതുകൈ റിസ്റ്റിന് പൊട്ടൽ സംഭവിച്ചിരുന്നു. 19 ന് പെരുമ്പെട്ടി പോലീസിന് മൊഴി നൽകി, തുടർന്ന്, പോലീസ് കേസെടുത്തു.
ഇത്തറിഞ്ഞ പ്രതി ഒളിച്ചുമാറി താമസിക്കുകയായിരുന്നു. ഇയാൾ ജോലിചെയ്യുന്ന ഹോട്ടലിനു മുന്നിൽ നിന്ന് സ്ത്രീകളെ ശല്യം ചെയ്യുന്നതായി കണ്ടു നാട്ടുകാർ പിടികൂടി തടഞ്ഞുവച്ച് പോലീസിനെ അറിയിച്ചു.
സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോൾ, ഇയാൾക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെന്ന് അറിഞ്ഞു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ യുവതിയെ ആക്രമിച്ചത് താനാണെന്ന് സമ്മതിച്ചു. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
യുവതി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് ഇൻസ്പെക്ടർ ബി. സജീഷ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐ പി. ബി. ബോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.