ടൂറിസം സാധ്യതകളുമായി വലഞ്ചുഴി; പദ്ധതി കടലാസിലൊതുങ്ങി
1571148
Sunday, June 29, 2025 3:30 AM IST
പത്തനംതിട്ട: ടൂറിസം സാധ്യതകളുള്ള വലഞ്ചുഴിക്കായി തയാറാക്കിയ പദ്ധതികളും പണവും കടലാസിലൊതുങ്ങി. പത്തനംതിട്ട നഗരത്തില്‍ വലഞ്ചുഴി ടൂറിസം പദ്ധതിക്ക് 3.06 കോടി രൂപയുടെ ഭരണാനുമതി വരെ ലഭിച്ചതാണെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങുമോ എന്ന ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്.
വലഞ്ചുഴിയെ ബന്ധപ്പെടുത്തി മുമ്പ് പല തവണ ടൂറിസം വകുപ്പ് തയാറാക്കിയ പദ്ധതി നടപ്പാക്കാതെ പോകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്. അച്ചന്‍കോവിലാറിന്റെ തീരത്തുള്ള വലഞ്ചുഴിയെ ഉത്തരവാദിത്വ ടൂറിസം മാതൃകയില്‍ വികസിപ്പിക്കാനുള്ള പദ്ധതിയാണ് ഒടുവില്‍ തയാറാക്കിയത്.
പദ്ധതിയുടെ ആദ്യഘട്ടത്തിനായിട്ടാണ് 3,06,53,182 രൂപയുടെ അനുമതി നല്‍കിയത്. ഇതിനായി ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപ അനുവദിക്കയും ചെയ്തു. 18 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചത്.
വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള എന്‍ട്രന്‍സ് പ്ലാസ, ഗേറ്റ് വേ സ്ട്രെക്ചർ, വോക്ക് വേ, ശൗചാലയസമുച്ചയം, ഫുഡ് കിയോസ്ക്, കച്ചവടസ്ഥാപനങ്ങൾ, ലാന്‍ഡ് സ്കേപ്പിംഗ്, മാലിന്യ നിര്‍മാര്‍ജന യൂണിറ്റ്, കുടിവെള്ള കിയോസ്ക്, ഹോര്‍ട്ടികള്‍ച്ചർ, പ്ലംബിംഗ്, ഇലക്ട്രിക്കല്‍, മറ്റ് നിര്‍മാണജോലികള്‍ തുടങ്ങിയവയ്ക്കായാണ് തുക വകയിരുത്തിയത്.
ടൂറിസം വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതല അംഗീകൃത ഏജന്‍സികള്‍ക്ക് നല്കാന് ധാരണയായതാണ്. വലഞ്ചുഴിയുടെ പാരിസ്ഥിതികവും സാംസ്കാരികവുമായ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള പദ്ധതിയില്‍ പ്രദേശത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിച്ചും തദ്ദേശവാസികളെ ടൂറിസം പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയും ഉത്തരവാദിത്വ ടൂറിസം മാതൃകയിലുള്ളതാണ് പദ്ധതി.
ജില്ലാ ആസ്ഥാനത്തു മികച്ച സാധ്യതകളുള്ള പദ്ധതിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്തനംതിട്ട നഗരസഭയില്‍ 20, 22, 24 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട 2.18 ഹെക്ടര്‍ നദി പുറമ്പോക്കിലാണ് പദ്ധതി നടപ്പാക്കുക. നദിയുടെ സൗന്ദര്യം ആസ്വദിച്ച് പുറത്ത് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും പദ്ധതിയില്‍ പ്രധാനപ്പെട്ടതാണ്. കൂടാതെ വിവിധ കലാ, സാംസ്കാരിക, സാമൂഹ്യ ഒത്തുചേരലുകള്‍ക്കുള്ള സ്ഥലം, സ്റ്റേജ്, ഓപ്പണ്‍ ജിം എന്നിവയുമുണ്ട്.
നദിയുടെ ഒരു ഭാഗത്തായാണ് വലഞ്ചുഴി ക്ഷേത്രം. അച്ചന്‍കോവിലാര്‍ ക്ഷേത്രത്തെ വലവയ്ക്കുന്ന അപൂര്‍വ കാഴ്ചയും കാണാം. നദിയില്‍ തടയണ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തി കുട്ടവഞ്ചി സവാരിക്കു പദ്ധതി ഒരുക്കാനും ലക്ഷ്യമിട്ടിരുന്നു. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാന്‍ കഴിയുംവിധത്തിലുള്ള പ്രകൃതിദത്ത സൗകര്യങ്ങളാണ് വലഞ്ചുഴിയുടെ പ്രത്യേക. ഇതു സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് ടൂറിസം സാധ്യകളേറെയുള്ളതെന്നും വിലയിരുത്തപ്പെടുന്നു.