ഗൂഗിൾ-പേ വഴി കൈക്കൂലി: വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
1571153
Sunday, June 29, 2025 3:30 AM IST
ഹരിപ്പാട്: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. കൃഷി ആനുകൂല്യം ലഭിക്കുന്നതിന് പഴയ സർവേ നമ്പർ ആവശ്യപ്പെട്ട പരാതിക്കാരനിൽനിന്നു ഗൂഗിൾ പേ വഴി ആയിരം രൂപ കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫീസർ പി.കെ. പ്രീതയെയാണ് വിജിലൻസ് പിടികൂടിയത്.
കേന്ദ്രസർക്കാരിന്റെ ആഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ആവശ്യത്തിനായി പരാതിക്കാരൻ വസ്തുവിന്റെ പഴയ സർവേ നമ്പർ ആവശ്യപ്പെട്ട് വില്ലേജ് ഓഫീസറുടെ ഔദ്യോഗിക ഫോണിലേക്ക് വിളിച്ചപ്പോൾ തിരക്കായതിനാൽ അടുത്ത ദിവസം വിളിക്കാൻ പറഞ്ഞു.
ഇതനുസരിച്ച് പരാതിക്കാരൻ പിന്നീട് വില്ലേജ് ഓഫീസറെ ഫോണിൽ വിളിച്ചപ്പോൾ വാട്ട്സ് ആപ്പ് നമ്പർ നൽകിയ ശേഷം വസ്തുവിന്റെ വിവരം അയയ്ക്കാൻ പറയുകയും ഇതിലേക്ക് ഒരു ഫീസ് അടയ്ക്കണമെന്നും തുക വാട്ട്സ് ആപ്പ് വഴി അറിയിക്കാമെന്നും പറയുകയും ഗൂഗിൾ പേ നമ്പർ അയച്ചുകൊടുത്തതിനുശേഷം ആയിരം രൂപ അയയ്ക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
പരാതിക്കാരൻ ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പിയെ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വിജിലൻസ് സംഘം നിരീക്ഷണത്തിനൊടുവിൽ ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയ ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ വില്ലേജ് ഓഫീസിന്റെ സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽനിന്നു പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.