35 വർഷത്തിനുശേഷം മോഷണക്കേസ് പ്രതി അറസ്റ്റിൽ
1571174
Sunday, June 29, 2025 3:43 AM IST
മാന്നാർ: മോഷണ കേസ് പ്രതി 35 വർഷത്തിനുശേഷം പിടിയിലായി. കായംകുളം പുതുപള്ളി ഗോവിന്ദമുട്ടം കടക്കൽകാവ് വീട്ടിൽ ശശിധരൻ (65)നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. 1990 ൽ മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസുകളിലെ പ്രതിയായ ശശിധരനെ അന്ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വിചാരണ നേരിടാതെ മുങ്ങുകയായിരുന്നു. ശശിധരന് എതിരേ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി എൽപി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇതേത്തുടർന്ന് മാന്നാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. എറണാകുളം ഭാഗത്ത് ഇയാൾ ഒളിവിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം അന്വേഷണം എറണാകുളത്തേക്കും വ്യാപിപ്പിച്ചു. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് ശശിധരനെ കണ്ടെത്തിയത്.
മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി.രജീഷ് കുമാർ, എസ്ഐ ശരത്ചന്ദ്രബോസ്, സിവിൽ പോലീസ് ഓഫീസർ മാരായ അൻസർ, റിയാസ് എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.