തിമിംഗലത്തിന്റെ ജഡം മറവുചെയ്തു
1568436
Wednesday, June 18, 2025 11:30 PM IST
അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടിയിൽ കഴിഞ്ഞ ദിവസം തീരത്തടിഞ്ഞ കൂറ്റൻ നീലത്തിമിംഗലത്തിന്റെ ജഡം മറവുചെയ്തു. തീരത്തിന് തൊട്ടടുത്തായി ക്രെയിനുപയോഗിച്ച് വലിയ കുഴിയെടുത്താണ് ജഡം മറവുചെയ്തത്. സർക്കാർവക ഭൂമിയാണിത്. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ.ജയന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
ജഡം പല കഷണങ്ങളാക്കിയാണ് മറവുചെയ്തത്. അഴുകിയ ജഡം മുറിച്ചതോടെ പ്രദേശമെങ്ങും അതിരൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെട്ടത്. ഏകദേശം അര കിലോമീറ്ററോളം ദൂരം ദുർഗന്ധമായിരുന്നു. പ്രദേശവാസികൾക്ക് വീടുകളിൽ ഭക്ഷണമുണ്ടാക്കാനോ കഴിക്കാനോ കഴിയാത്ത അവസ്ഥയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് ജഡം മറവ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. മരണകാരണം അറിയാൻ ജഡത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ചു. ഇതിന്റെ ഫോറൻസിക് പരിശോധനാ ഫലമറിയാൻ ഒരാഴ്ച വേണ്ടിവരും. ഇതിനു ശേഷം മാത്രമേ മരണ കാരണമറിയാൻ കഴിയൂ. പുറക്കാട് പഴയങ്ങാടി തീരത്താണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കൂറ്റൻ തിമിംഗലത്തിന്റെ ജഡമടിഞ്ഞത്.
നാലു ദിവസത്തിനുള്ളിൽ രണ്ടാമത്തെ തിമിംഗലത്തിന്റെ ജഡമാണ് പുറക്കാട് അടിഞ്ഞു കയറിയത്.