കലുങ്ക് നിര്‍മാണത്തിന് എടുത്ത കുഴി അപകടക്കെണി
1568934
Friday, June 20, 2025 11:41 PM IST
ഹരിപ്പാട്: ദേശീയപാതയില്‍ കലുങ്ക് നിര്‍മാണത്തിനായി എടുത്ത കുഴി അപകടക്കെണിയാകുന്നു. താലൂക്ക് ആശുപത്രി ജംഗ്ഷനില്‍നിന്ന് റവന്യു ടവറിലേക്കുള്ള റോഡിലാണ് അപകടം പതിയിരിക്കുന്ന കുഴിയുള്ളത്. ദേശീയപാതയില്‍കൂടി വരുന്ന വാഹനങ്ങള്‍ റവന്യു ടവര്‍, കോടതി, പോലീസ് സ്റ്റേഷന്, ബിഎസ്എന്‍എല്‍ ഓഫിസ് എന്നിവിടങ്ങളിലേക്കു പോകാന്‍ ആശ്രയിക്കുന്ന റോഡാണിത്.
പഴയ ദേശീയപാതയായ ഈ റോഡില്‍ മുരളി ഹോട്ടലിനു സമീപമുള്ള കുഴിയുടെ വശങ്ങള് ഇടിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ റോഡിന്റെ പകുതിയിലധികം ഇടിഞ്ഞുപോയി. ടാര്‍ ചെയ്ത ഭാഗമാണ് ഇടിഞ്ഞുവീഴുന്നത്.
ഇതുമൂലം എതിരേ വാഹനങ്ങള്‍ വന്നാല്‍ സൈഡ് കൊടുക്കാന്‍ കഴിയില്ല. ഇവിടെ ആവശ്യത്തിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. റോഡ് ഇടിഞ്ഞുവീഴുന്നത് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.