ഫാ. മാർട്ടിൻ വാഴച്ചിറ അനുസ്മരണം
1568702
Friday, June 20, 2025 12:20 AM IST
മങ്കൊമ്പ്: സ്കോട്ലൻഡിൽ മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറയുടെ എട്ടാം ചരമ വാർഷികാചരണം 22, 23 തീയതികളിലായി നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈദികന്റെ ഭൗതിക ശരീരം അടക്കം ചെയ്തിട്ടുള്ള ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ 23ന് രാവിലെ ഏഴിന് കുർബാനയും മറ്റ് തിരുക്കർമങ്ങളും നടക്കും.
22ന് വൈദികന്റെ ഇടവക ദേവാലയമായ പുളിങ്കുന്ന് സെന്റ് മേരീസ് പള്ളിയിൽ വൈകുന്നേരം നാലിന് വിശുദ്ധ കുർബാന. തുടർന്ന് അഞ്ചിന് പാരിഷ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ചങ്ങനാശേരി എസ്ബി കോളജ് പ്രിൻസിപ്പൽ റവ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. പുളിങ്കുന്ന് ഫെറോനാ വികാരി റവ. ഡോ. ടോം പുത്തൻകളം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പുളിങ്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് സിഎംഐ ആശ്രമ പ്രിയോർ ഫാ. ജോസ് കോനാട്ട് അനുസ്മരണ പ്രഭാഷണം നടത്തും.
പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർ സെക്കൻഡറി ഹെഡ്മാസ്റ്റർ ഫാ. ജോസഫ് കുറുപ്പശേരി, പുളിങ്കുന്ന് ഫെറോനാപള്ളി സഹവികാരി ഫാ. ടിബിൻ ഒറ്റാറയ്ക്കൽ, പഞ്ചായത്ത് സെക്രട്ടറി ആഷ്ലി നായർ എന്നിവർ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കും.
പഞ്ചായത്ത് സെക്രട്ടറി ആഷ്ലി നായർ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ അഞ്ജലി പ്രദീപിനെ ആദരിക്കും. തുടർന്ന് പുളിങ്കുന്ന് ഫെറോനാ സഹവികാരി ഫാ. വർഗീസ് താനിക്കാപ്പാറ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. ജോഷി കൊല്ലാറ, മനോജ് കാനാച്ചേരി., ജോൺ. സി. ടിറ്റോ, എം.എം. ജോസഫ്, ടോം നടുവിലേടം, ഷാരോൺ ടിറ്റോ, മാത്തുക്കുട്ടി തറയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.