റോഡ് തോടായി; യാത്രക്കാർ ദുരിതത്തിൽ
1568711
Friday, June 20, 2025 12:20 AM IST
തുറവൂര്‍: ലക്ഷങ്ങള്‍ മുടക്കി പുതുക്കിപ്പണിത റോഡ് തകര്‍ന്നു തോടായി. ഇതോടെ യാത്രക്കാര്‍ കടുത്ത ദുരിതത്തിലും. തുറവൂര്‍-കുമ്പളങ്ങി റോഡാണ് ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു തരിപ്പണമായത്. മാസങ്ങള്‍ക്കുമുമ്പ് ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് കുഴികളും മറ്റും അടച്ച് ടാര്‍ ചെയ്ത റോഡാണ് വീണ്ടും തകര്‍ന്നത്. നിലവില്‍ റോഡ് കുഴികള്‍ നിറഞ്ഞതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കു പോലും സഞ്ചരിക്കാന്‍ സാധിക്കില്ല.
തുറവൂര്‍-തൈക്കാട്ടുശേരി റോഡിന്റെ അവസ്ഥയും ഇതുതന്നെ. റോഡ് തകര്‍ന്നു തരിപ്പണമായി വെള്ളം കെട്ടിക്കിടക്കുന്നത് വന്‍ദുരിതമാണ് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നത്. ദേശീയപാതയില്‍ തുറവൂര്‍-അരൂര്‍ ഉയരപ്പാത നിര്‍മാണത്തോടനുബന്ധിച്ച് വലിയ വാഹനങ്ങളും ചെറുവാഹനങ്ങളും തുറവൂര്‍- കുമ്പളങ്ങി റോഡിലൂടെയും തുറവൂര്‍-തൈക്കാട്ടുശേരി റോഡിലൂടെയുമാണ് തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.
ഈ റോഡുകള്‍ തകര്‍ന്നതോടുകൂടി വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സ്കൂള്‍ കുട്ടികളാണ് കൂടുതലും ദുരിതത്തിലായത്. ഗതാഗതക്കുരുക്കുമൂലം സമയത്ത് സ്കൂളിലും ജോലിസ്ഥലങ്ങളിലും എത്താനാവുന്നില്ല. അടിയന്തരമായി കുമ്പളങ്ങി-തുറവൂര്‍ റോഡും തുറവൂര്‍-തൈക്കാട്ടുശേരി റോഡും അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.