ജാമ്യത്തിലിറങ്ങി മുങ്ങിയ ഒഡീഷ സ്വദേശി പിടിയില്‍
1568704
Friday, June 20, 2025 12:20 AM IST
ചേർത്തല: കഞ്ചാവ് കേസിൽ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഇതര സംസ്ഥാന സ്വദേശി പിടിയില്‍. ഒഡീഷ എല്ലക്കല്ല് നെടുംകല്ലേൽ ബാബു(52)വിനെയാണ് പിടികൂട്ടിയത്. 2022ൽ ചേർത്തല പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും തുടർന്ന് റിമാന്‍ഡിലാകുകയും ചെയ്തു. അഞ്ചുമാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയത്.
ഒഡിഷയിലെ റായഗാടാ ജില്ലയിലെ ഡാഗുടിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ചേർത്തല പോലീസ് സ്റ്റേഷൻ എഎസ് ഐമാരായ ബിജു കെ. തോമസ്, എസ്സി പിഒ ശൈലകുമാർ എന്നിവരടങ്ങുന്ന സംഘം 17ന് പുലർച്ചെ ഒന്നിന് ബാബുവിന്റെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
ഒഡിഷാ റായ് ഗുഡി ജില്ലാ പോലീസ് മേധാവിയും മലയാളിയുമായ സ്വാതി എസ്. കുമാർ എല്ലാവിധ സഹായങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ഒഡീഷയുടെ അതിർത്തി പ്രദേശമായ ഡാഗുടിയിൽ കഞ്ചാവ് കൃഷിക്കായി എത്തിയ ബാബു നൂതന കൃഷിരീതികൾ ഗ്രാമവാസികളെ പഠിപ്പിക്കുകയും ഗ്രാമത്തിലുള്ള മിത എന്ന സ്ത്രീയെ വിവാഹം ചെയ്തു ബാബുമാഞ്ചി എന്ന പേരിൽ കഴിഞ്ഞു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബാബുവിന് ചേർത്തല പോലീസ് സ്റ്റേഷനിലെ കേസ് കൂടാതെ പാലക്കാട് എക്സൈസിന്റെയും കേസുണ്ട്. ഒഡീഷ്യയിൽനിന്നു വലിയതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ ബാബുവെന്നും കൂടെയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കുമെന്നും ചേർത്തല പോലീസ് പറഞ്ഞു.