മെഡി. കോളജ് ആശുപത്രിയിൽ ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിച്ചു
1568701
Friday, June 20, 2025 12:20 AM IST
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. നവീകരിച്ച മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിന്റെ (മെഡിസിൻ ഐസിയു) ഉദ്ഘാടനം എച്ച്. സലാം എം എൽഎ നിർവഹിച്ചു. ആശുപത്രിയിലെ മൾട്ടി ഡിസിപ്ലിനറി (എംഡിഐസിയു) യിൽ മെഡിസിൻ വിഭാഗത്തിൽ 12 ലക്ഷം രൂപ ചെലവഴിച്ച് 10 കിടക്ക സൗകര്യങ്ങളാണ് ഇതിന്റെ ഭാഗമായി വർധിപ്പിച്ചത്.
സർജറി ഐസിയുവിന്റെ അറ്റകുറ്റപ്പണിയും ഇതോടൊപ്പം പൂർത്തീകരിച്ചു. എംഡി ഐസിയു വിലെ സർജറി, സ്റ്റെപ്പ് ഡൗൺ എന്നീ വിഭാഗങ്ങളിലായി സർജറിയിൽ 16 ഉം സ്റ്റെപ് ഡൗണിൽ 9 ഉം കിടക്ക സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.
ഇവിടെ 10 മെഡിസിൻ ഐസിയു കൂടി പ്രവർത്തിക്കുന്നതോടെ ഈ വിഭാഗങ്ങളിൽ ആകെ 35 ഉം ഐസുലേഷനിൽ രണ്ടും ഉൾപ്പെടെ ആകെ 37 ഐസിയു കിടക്ക സൗകര്യങ്ങളാണ് എംഡി ഐസിയുവിൽ മാത്രം നിലവിൽ പ്രവർത്തിക്കുക.
ഇതിനു പുറമേ നേരത്തെ വാർഡ് എട്ട് ആയി പ്രവർത്തിച്ചിരുന്നത്, സൂപ്പർ സ്പെഷാലിറ്റിയിലേക്ക് മാറ്റിയപ്പോൾ ഇവിടെ 9 കിടക്ക സൗകര്യങ്ങളോടെ എമർജൻസി ഐസിയു സജ്ജീകരിച്ചു. ഒപ്പം ട്രോമ ഐസിയുവിൽ 9 കിടക്ക സൗകര്യങ്ങളുമാണ് പ്രവത്തിക്കുന്നത്.
ഇതോടെ സൂപ്പർ സ്പെഷാലിറ്റിയിലെ ഐസിയുവിന് പുറമേ 55 ഐസിയു കിടക്കകളായി. ഐസിയു കിടക്കസൗകര്യം വർധിച്ചതോടെ അത്യാസന്നനിലയിലുള്ള രോഗികൾക്ക് അടിയന്തര ചികിത്സ കൂടുതൽ നൽകുന്നതിനും അത്യാസന്നനിലയിലുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ടി വരുന്നത് ഒരു പരിധി വരെയെങ്കിലും ഒഴിവാക്കുവാനും കഴിയും.
ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിക്കണമെന്ന് കാട്ടി എച്ച്. സലാം എംഎൽഎ ആരോഗ്യമന്ത്രിക്ക് നേരത്തെ കത്തുനൽകിയിരുന്നു.
പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാർ, മെഡിസിൻ വിഭാഗം മേധാവി ഡോ. സുരേഷ് രാഘവൻ, എം ഡിഐസിയു നോഡൽ ഓഫീസർ ഡോ. എൻ.ആർ. സജികുമാർ, ചീഫ് ന ഴ്സിംഗ് ഓഫീസർ പി.കെ. ഉഷ, നഴ്സിംഗ് സൂപ്രണ്ടുമാരായ എസ്. മിനി, എം. നളിനി, ജി. ജലജമ്മ, ഇ. ജി. ഷീബ, വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.