റോഡ് ഉയർത്താൻ സമരമാർഗം വള്ളംകളി
1568712
Friday, June 20, 2025 12:20 AM IST
മങ്കൊമ്പ്: ചെറിയ അളവിൽ ജലനിരപ്പുയർന്നാൽ പോലും വെള്ളത്തിനടിയിലാകുന്ന കുട്ടനാട്ടിലെ ഗ്രാമീണറോഡുകൾ ഉയർത്തി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കുട്ടനാട് വെളിയനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു വള്ളംകളി നടത്തി പ്രതിഷേധിക്കും.
2.30ന് വെളിയനാട് പുളിഞ്ചുവട് ജംഗ്ഷനിലാണ് പ്രതിഷേധ സൂചകമായി ചെറുവള്ളംകളി സമരം നടത്തുന്നത്. നാലുദിവസം മഴപെയ്താൽ കുട്ടനാട്ടിലെ ഇടറോഡുകൾ വെള്ളത്തിനടിയിലാകുന്നത് പതിവായിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ഇരുചക്രവാഹനങ്ങൾ പോലും ഓടാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
വെളിയനാട് പഞ്ചായത്തിലെ കിടങ്ങറ-കുന്നംകരി റോഡിൽ വെള്ളം കയറിയിട്ട് ഒരാഴ്ചയിലേറെയായി. കിടങ്ങറ-കണ്ണാടി റോഡിൽ പുളിഞ്ചുവട് മുതലുള്ള ഭാഗത്ത് അര കിലോമീറ്റർ പ്രദേശം വെള്ളത്തിലാണ്. ഇതുവഴിയുള്ള മങ്കൊമ്പ്, ചതുർഥ്യാകരി, പുളിങ്കുന്ന്, വടക്കൻ വെളിയനാട് കെഎസ്ആർടിസി സർവീസുകൾ ജനങ്ങൾക്ക് ഏക ആശ്രയമാണ്. റോഡ് ഉയർത്തി നിർമിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് നേതാക്കളായ സി.വി. രാജീവ്, സാബു തോട്ടുങ്കൽ, ജി. സൂരജ്, ടി.ഡി. അലക്സാണ്ടർ, എ.കെ. കുഞ്ചെറിയ എന്നിവർ ആവശ്യപ്പെട്ടു.