ജി- 20 സമ്മേളനം: മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയും കളക്ടറും കുമരകത്തെത്തി
1280329
Thursday, March 23, 2023 11:33 PM IST
കുമരകം: കുമരകം കെടിഡിസി വാട്ടർ സ്കേപ്സിൽ 30ന് ആരംഭിക്കുന്ന ജി-20 ഉദ്യോഗസ്ഥ സമ്മേളനത്തോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ടാറിംഗ് അന്തിമ ഘട്ടത്തിലായതോടെ മന്ത്രി വി.എൻ. വാസവനും ജില്ലാ കളക്ടർ പി.കെ. ജയശ്രീയും ഒരുക്കങ്ങൾ വിലയിരുത്താൻ എത്തി. ഇന്നലെ രാത്രി എട്ടിനാണ് മന്ത്രിയും സംഘവും സന്ദർശനം നടത്തിയത്. ജി-20 ഉദ്യോഗസ്ഥ സമ്മേളനത്തോടെ കുമരകത്തിന്റെ വികസന കുതിപ്പ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
കോട്ടയം - തണ്ണീർമുക്കം പ്രധാന റോഡു മാത്രമല്ല റിസോർട്ടുകളിലേക്കുള്ളതുൾപ്പടെയുള്ള ഗ്രാമീണ റാേഡുകളും ഉന്നത നിലവാരമുള്ളതാക്കി തീർത്തിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കളക്ടറും മന്ത്രിയും അമ്മങ്കരി റോഡിലൂടെ ഏറെ ദൂരം കാൽനടയായി സഞ്ചരിക്കുകയും ചെയ്തു. പിന്നീട് സമ്മേളനം നടക്കുന്ന കെടിഡിസി റിസോർട്ടിലും സംഘം സന്ദർശനം നടത്തി.
കോണത്താറ്റ് പാലത്തിന്റെ കിഴക്കുവശത്ത് ഇന്നലെ നടത്തിവന്ന അവസാനഘട്ട ടാറിംഗും സന്ദർശിച്ചാണ് മന്ത്രിയും സംഘവും മടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, വൈസ് പ്രസിഡന്റ് വി.കെ. ജോഷി, കെ. കേശവൻ, ആനന്ദക്കുട്ടൻ തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.