വിഷുവിനെ വർണാഭമാക്കാൻ പടക്ക വിപണിയിൽ ബാറ്റും ബോളും പീകോക്കും
1416222
Saturday, April 13, 2024 6:56 AM IST
വൈക്കം: വിഷു വർണാഭമാക്കാനായി പടക്കവിപണിയിൽ പുതുമ നിറഞ്ഞ ഐറ്റങ്ങൾ. നഗരത്തിനു പുറമെ ഗ്രാമീണ മേഖലയിലും പടക്ക വിപണനശാലകൾ തുറന്നു. വിഷുവിനു രണ്ടുദിവസം മുമ്പേ വിഷു വിപണിയിൽ പുതുമയുള്ള പടക്കങ്ങൾ തേടി കുട്ടികളും മാതാപിതാക്കളും യുവാക്കളും എത്തിത്തുടങ്ങി.
ശബ്ദത്തോടെ പൊട്ടുന്ന പടക്കങ്ങൾക്കൊപ്പം വർണങ്ങൾ വാരിവിതറുന്നവയ്ക്കും ആവശ്യക്കാർ ഏറെയാണ്. നാട്ടിൻപുറങ്ങളിൽ ഓലപ്പടക്കത്തോട് ആഭിമുഖ്യമുള്ളവർ ഇപ്പോഴുമുണ്ട്. 50, 100 ഓലപ്പടക്കങ്ങളുടെ പായ്ക്കറ്റുകൾ വില്പനയ്ക്കുണ്ട്.
വർണപ്പുക വമിപ്പിച്ച് ലാത്തിരി പോലെ കത്തുന്ന ബാറ്റും ബോളും, നൃത്തം വയ്ക്കുന്ന ചക്രം, കത്തുന്ന കുവരപ്പൂവിൽനിന്ന് കറങ്ങി ഇറങ്ങുന്ന ചക്രം, മയിൽപീലി വിരിയുന്ന പീകോക്ക്, ബഹുവർണ പൂവിരിയിക്കുന്ന ബിയർ ടിൻ, ചുവപ്പ്, പച്ച, മഞ്ഞ കമ്പിത്തിരി തുടങ്ങിയവയാണ് വിപണിയിൽ നിറയുന്നത്.
വിഷുവിനോടനുബന്ധിച്ച് പടക്കങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.