ചെമ്മലമറ്റം പള്ളിയിൽ അപ്പവും മീനും ഊട്ടുനേർച്ചയിൽ പങ്കെടുത്ത് ആയിരങ്ങൾ
1423637
Sunday, May 19, 2024 11:44 PM IST
ചെമ്മലമറ്റം: പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ പന്ത്രണ്ട് ശ്ലീഹന്മാരുടെ തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ അപ്പവും മീനും നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു സായുജ്യരായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്ന് ആയിരങ്ങളാണ് തിരുനാൾ പ്രദക്ഷിണത്തിലും നേർച്ചസദ്യയിലും പങ്കെടുത്തത്.
ക്രിസ്തു തന്റെ പരസ്യ ജീവിത കാലത്തും ഉത്ഥാനത്തിന് ശേഷവും ശിഷ്യൻമാരുമായി അപ്പവും മീനും ഭക്ഷിച്ചു എന്നതിന്റെ ഓർമയ്ക്കാണ്ശ്ലീഹൻമാരുടെ തിരുനാളിൽ ഈ നേർച്ച നടത്തുന്നത്. 10 വർഷങ്ങൾക്ക് മുൻപ് ഫാ. ജയിംസ് കട്ടയ്ക്കൽ വികാരിയായിരുന്നപ്പോഴാണ് നേർച്ച തുടങ്ങിയത്.
കേരളത്തിൽ ഇത്തരം നേർച്ച നടത്തുന്ന ഏക ദേവാലയമാണ് ചെമ്മലമറ്റം പള്ളി. 12 ശ്ലീഹന്മാരുടെ തിരുനാളിന്റെ ഭാഗമായി 12 ശ്ലീഹൻമാരുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവുമുണ്ടായിരുന്നു. 12 പൊൻ കുരിശുകൾ, 12 മലാഖമാർ, മുത്തുക്കുടകളേന്തിയ 12 മാതാക്കൾ, അൾത്താരബാലൻമാർ, ഭക്തസംഘടനാ പ്രതിനിധികൾ എന്നിങ്ങനെയായിരുന്നു പ്രദക്ഷിണം. 12 വൈദികരുടെ കാർമികത്വത്തിലായിരുന്നു തിരുനാൾ കുർബാനയും. വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ നേർച്ചസദ്യ ആശീർവദിച്ചു.