ജില്ലാ ഭരണകൂടം ഇടപെടണം, കെട്ടിടം പൊളിച്ചുനീക്കണം
1423796
Monday, May 20, 2024 6:49 AM IST
അതിരമ്പുഴ: മഴക്കാലമായതോടെ അപകടസാധ്യതയേറിയ അതിരമ്പുഴ ടൗൺ മധ്യത്തിലെ മൂന്നുനില കെട്ടിടത്തിന്റെ ഭാഗം അടിയന്തരമായി പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദുരന്തസാധ്യത ചൂണ്ടിക്കാട്ടി ഇന്നലെ ദീപിക വാർത്ത പ്രസിദ്ധീകരിച്ച ശേഷം ഒട്ടേറെപ്പേർ ഈ ആവശ്യവുമായി രംഗത്തു വന്നു.
ടൗൺ വികസനത്തിനായി കെട്ടിടത്തിന്റെ പകുതി ഭാഗം മാത്രം ഏറ്റെടുത്തതാണ് പ്രശ്നമായത്. കെട്ടിടത്തിന്റെ പില്ലറുകളും ബീമുകളും സ്റ്റെയർകേസും പൊളിച്ചുനീക്കിയതോടെ അവശേഷിക്കുന്ന ഭാഗം ദുർബലാവസ്ഥയിലായി.
ഏതു നിമിഷവും ഇത് നിലംപതിക്കാം. സ്റ്റെയർകേസ് ഉൾപ്പെടെ ഇല്ലാതായതോടെ അവശിഷ്ടഭാഗം കൊണ്ട് കെട്ടിടമുടമകൾക്ക് പ്രയോജനമില്ലാതായി. മതിയായ നഷ്ടപരിഹാരം നൽകി കെട്ടിടം പൂർണമായി ഏറ്റെടുക്കണമെന്നതാണ് ഉടമകളുടെ നിലപാട്. ജില്ലാ കളക്ടറെ ഉൾപ്പെടെ ഇവർ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നതാണ്.
ഒരു ഭാഗം നിലനിർത്തി കെട്ടിടം പൊളിച്ചതാണ് പ്രശ്നമായത്. അവശിഷ്ടഭാഗം ഇപ്പോൾ ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദീപിക വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്തയോട് പ്രതികരിച്ചവരെല്ലാം പറയുന്നത് തർക്കം പരിഹരിക്കുന്നതു വരെ കാത്തു നിൽക്കാതെ കെട്ടിടം പൊളിച്ചുനീക്കണമെന്നാണ്.
ജനങ്ങളുടെ ജീവന് പ്രഥമ പരിഗണന നൽകണം
ടൗണിന്റെ മധ്യത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിടം വ്യാപാരികൾ ഉൾപ്പെടെ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് അതിരമ്പുഴ മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് ജോയ്സ് ആൻഡ്രൂസ് മൂലേക്കരി പറഞ്ഞു. ജനങ്ങളുടെ ജീവന് പ്രഥമ പരിഗണന നൽകി പ്രശ്നത്തിനു പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം
ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്ന് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെ പ്രതിനിധി റോയി കല്ലുങ്കൽ പറഞ്ഞു. അപകടാവസ്ഥയിലുള്ള കെട്ടിടത്തോടു ചേർന്നാണ് ഓട്ടോസ്റ്റാൻഡ് നിലകൊള്ളുന്നത്.
നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം
കെട്ടിടം അപകടാവസ്ഥയിലാണെന്ന ഭീതിയിലാണ് ജനങ്ങളെന്നും കെട്ടിടം പരിശോധിച്ച പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും എൻജിനിയർമാർ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അതിരമ്പുഴ പൗരവേദി പ്രസിഡന്റ് കുര്യൻ സെബാസ്റ്റ്യൻ, സെക്രട്ടറി ജെറി ടി. ജയിംസ് എന്നിവർ പറഞ്ഞു.
അടിയന്തര നടപടി വേണം
അപകടാവസ്ഥയിലുള്ള കെട്ടിടത്തിനു സമീപം ജനങ്ങൾ കാത്തു നിൽക്കുന്ന സാഹചര്യം ഴിവാക്കണമെന്നും കെട്ടിടത്തിനു മുന്നിലുള്ള ബസ് സ്റ്റോപ്പും ഓട്ടോ സ്റ്റാൻഡും താത്കാലികമായി മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അലോഷ്യസ് അലുമ്നി പ്രസിഡന്റ് ജയിംസ് കുര്യൻ, സെക്രട്ടറി രാജു കുടിലിൽ എന്നിവർ ആവശ്യപ്പെട്ടു.
അടിയന്തരമായി ഇടപെടും: പഞ്ചായത്ത് പ്രസിഡന്റ്
അതിരമ്പുഴ ടൗണിന്റെ മധ്യത്തിൽ അപകടാവസ്ഥയിൽ കെട്ടിടം നിൽക്കുന്നത് ജനങ്ങളിൽ ആശങ്ക ഉണർത്തുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം പറഞ്ഞു. ഇന്നുതന്നെ ജില്ലാ കളക്ടറുമായി ബന്ധപ്പെടും.