നീർച്ചാൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെള്ളൂർ പഞ്ചായത്ത് ഭരണസമിതി നിവേദനം നൽകി
1423807
Monday, May 20, 2024 6:57 AM IST
വെള്ളൂർ: റബർ പാർക്ക് നിർമാണവുമായി ബന്ധപ്പെട്ട് ഭൂമി മണ്ണിട്ടു നികത്തിയപ്പോഴും ബൗണ്ടറി നിർമിച്ചപ്പോഴും തടസപ്പെട്ട നീർച്ചാലുകൾ പൂർവസ്ഥിതിയിലാക്കി മഴക്കാലത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വെള്ളൂർ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കേരള റബർപാർക്ക് ലിമിറ്റഡ് എംഡി ഷീല തോമസിനു നിവേദനം നൽകി.
വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാറിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. എംഡിയുടെ നിർദേശത്തെത്തുടർന്ന് ജനറൽ മാനേജർ ജോസിന്റെ നേതൃത്വത്തിൽ എൻജിനിയർമാർ സ്ഥലം സന്ദർശിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കരാറുകാരന് നിർദേശം നൽകി.
വൈസ് പ്രസിഡന്റ് മിനി ശിവൻ, സ്ഥിരം സമിതി അംഗങ്ങളായ ഷിനി സജു, വി.കെ. മഹിളാമണി, ബ്ലോക്ക് മെംബർ അമൽ ഭാസ്കർ, മെംബർമാരായ കുര്യാക്കോസ് തോട്ടത്തിൽ, സോണിക ഷിബു, ജയ അനിൽ, രാധാമണി മോഹനൻ, ബേബി പൂച്ചുകണ്ടത്തിൽ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.