റോഡിലെ കുഴിയില്‍ കുടുങ്ങി ബസുകളുടെ ട്രിപ്പ് മുടങ്ങി
1424862
Saturday, May 25, 2024 7:16 AM IST
കടുത്തുരുത്തി: തകര്‍ന്നു കിടക്കുന്ന കടുത്തുരുത്തി - പെരുവ റോഡിലെ കുഴിയില്‍ കുടുങ്ങി ബസുകളുടെ ട്രിപ്പ് മുടങ്ങി. ഒരു കെഎസ്ആര്‍ടിസി ബസിന്റെയും ഒരു സ്വകാര്യ ബസിന്റെയും ട്രിപ്പുകളാണ് റോഡിലെ കുഴി മൂലം മുടങ്ങിയത്. ഇന്നലെ രാവിലെ 8.30ഓടെ കെഎസ് പുരം സെന്റ് ജോസഫ് കുരിശുപള്ളിക്കു സമീപമാണ് സംഭവം.
കോട്ടയം- പിറവം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേ മരിയ ബസാണ് പൈപ്പിടുന്നതിനായി എടുത്ത ശേഷം മൂടിയ കുഴിയില്‍ കുരുങ്ങിയത്. മഴ ശക്തമായതോടെ മണ്ണെടുത്ത ഭാഗത്തെ കുഴിയില്‍ ബസിന്റെ മുന്‍വശത്തെ ചക്രങ്ങള്‍ താഴുകയായിരുന്നു. നിറയെ യാത്രക്കാരുമായി പിറവത്തിനു പോകുമ്പോഴാണ് യാത്ര തടസപ്പെട്ടത്.
ഇതിനിടെ പിറവത്തുനിന്നു കോട്ടയത്തേക്കു പോകുന്നതിനായെത്തിയ കെഎസ്ആര്‍ടിസിക്കും സ്വകാര്യബസ് കുഴിയില്‍ താണുകിടന്നതിനാല് ഇതുവഴി കടന്നുപോകാനുമായില്ല. പിന്നീട് വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്ന തൊഴിലാളികളുടെ നേതൃത്വത്തില്‍ ജെസിബിയെത്തിച്ചു ബസ് കെട്ടി വലിച്ചാണ് കുഴിയില്‍നിന്നും ഉയര്‍ത്തിയത്. ഇതോടെ ബസിന്റെ ട്രിപ്പ് പൂര്‍ണമായും മുടങ്ങി. ഒരു മണിക്കൂറോളം താമസിച്ചെങ്കിലും കെഎസ്ആര്‍ടിസി ട്രിപ്പ് തുടർന്നു.
കടുത്തുരുത്തി - പെരുവ റോഡിന്റെ കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള ഭാഗം പൂര്‍ണമായി തകര്‍ന്നുകിടക്കുകയാണ്. മഴ ശക്തമായതോടെ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. റോഡില്‍ പലയിടത്തും വലിയ കുഴികളാണ്. ദിവസവും റോഡിലെ കുഴിയില്‍ വീണു നിരവധി യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു.
ജൽ മിഷന് പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു വേണ്ടി ടാറിംഗ് ജോലികള്‍ മാറ്റി വച്ചതാണ് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായത്. പിന്നീട് ഏറേക്കാലത്തിനുശേഷം പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയെങ്കിലും റോഡിന്റെ ടാറിംഗ്ആരംഭിക്കാനായില്ല.