അതിരമ്പുഴയിലെ വിവാദ കെട്ടിടം പൊളിക്കുന്നു, ഭീതിയകലുന്നു
1425016
Sunday, May 26, 2024 5:48 AM IST
അതിരമ്പുഴ: നാട്ടുകാരുടെ നെഞ്ചിൽ തീ കോരിയിട്ട വിവാദ കെട്ടിടം പൊളിക്കുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയും വാട്ടർ ടാങ്കുമാണ് ഇപ്പോൾ പൊളിക്കുന്നത്. മഴ കനത്തതോടെ ഏതു നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടായിരുന്നു.
അതിരമ്പുഴ ടൗണിന്റെ ഹൃദയഭാഗത്ത് മൂന്നുനില കെട്ടിടം അപകടാവസ്ഥയിൽ നിൽക്കുന്നത് ആദ്യം വാർത്തയാക്കിയത് ദീപിക ആയിരുന്നു. ഇതേത്തുടർന്ന് അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉടമയുമായി സംസാരിച്ചതിനെ തുടർന്നാണ് കെട്ടിടം പൊളിക്കുന്നതിന് നടപടിയായത്. സഹോദരങ്ങളായ മൂന്നു പേരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നഗരവികസനത്തിനായി മൂന്നു നില കെട്ടിടം ഭാഗികമായി ഏറ്റെടുത്തതോടെ അവശേഷിക്കുന്ന ഭാഗം ദുർബലമായി. കെട്ടിടത്തിന്റെ സ്റ്റെയർകേസ് ഉൾപ്പെടെ പൊളിച്ചുനീക്കിയതോടെ അവശിഷ്ട ഭാഗം കൊണ്ട് ഉടമകൾക്ക് പ്രയോജനമില്ലാതെയുമായി.
അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ ബേക്കറി പ്രവർത്തിക്കുന്നതും കെട്ടിടത്തോട് ചേർന്ന് ബസ് സ്റ്റോപ്പ് ഉള്ളതും ദുരന്തഭീഷണി ഉയർത്തി. ഏതു വിധേനയും കെട്ടിടം പൊളിച്ചുനീക്കണമെന്ന നിലപാടിലായിരുന്നു നാട്ടുകാരും വ്യാപാരികളും.
ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം കെട്ടിട ഉടമയുമായി ബന്ധപ്പെട്ടതും പൊളിച്ചുനീക്കാൻ ധാരണയായതും. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബേക്കറി രണ്ടു ദിവസം മുമ്പ് പഞ്ചായത്ത് അധികൃതർ അടപ്പിച്ചിരുന്നു.