കുമരകം ടൗൺ ബോട്ട്ക്ലബ്ബിന്റെ പരിശീലന തുഴച്ചിലിനു തുടക്കമായി
1438374
Tuesday, July 23, 2024 2:34 AM IST
കുമരകം: നെഹ്റുട്രോഫി-സിബിഎൽ ജലമേളകളിൽ നടുഭാഗം ചുണ്ടനിൽ തുഴയെറിയുന്ന കുമരകം ടൗൺ ബോട്ട് ക്ലബ് പരിശീലന തുഴച്ചിൽ ആരംഭിച്ചു. ഇന്നലെ രാവിലെ 9.30ന് കുമരകം കോട്ടത്തോട്ടിലാണ് ക്ലബ് പരിശീലനം ആരംഭിച്ചത്.
കഴിഞ്ഞവർഷത്തെ നെഹ്റു ട്രോഫിയിൽ ചമ്പക്കുളം ചുണ്ടനിൽ മത്സരിച്ച ക്ലബ്ബിനു മൈക്രോ സെക്കൻഡുകൾക്കാണ് നെഹ്റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് നഷ്ടമായത്. സുനീഷ് നന്ദിക്കണ്ണന്തറയുടെ ക്യാപ്റ്റൻസിയിലും സി.സി. മോനപ്പന്റെ ലീഡിംഗ് ക്യാപ്റ്റൻസിയിലുമാണ് ക്ലബ് ഇത്തവണ പുന്നമടയിലെത്തുക.
അജീഷ് അനിയനാണ് ഒന്നാം തുഴയെറിയുക. സുരേഷ് നാഷ്ണാന്ത്രയാണ് ഒന്നാം പങ്കായത്തിൽ വള്ളം നിയന്ത്രിക്കുക. പരിശീലന തുഴച്ചിലിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.