പള്ളിക്കത്തോട്: പഞ്ചായത്ത് എട്ടാം വാർഡിലെ ചല്ലോലി കുളത്തിൽ ബൈക്ക് മോഷ്ടാവ് വീണതായി സംശയം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു പാമ്പാടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തെരച്ചിൽ നടത്തിയെങ്കിലും കുളത്തിൽ ആളെ കണ്ടെത്താനായില്ല.
ഇളംപള്ളി പുല്ലാംതകിടിയിൽ പാട്ടത്തിൽ കുട്ടപ്പന്റെ ബൈക്ക് മോഷ്ടിച്ചു വന്നയാളാണ് ഇന്നലെ പുലർച്ചെ അപകടത്തിൽപ്പെട്ടത്. കുളത്തിനും റോഡിനും ഇടയിലുള്ള ഓടയിൽ വീണാണ് അപകടമുണ്ടായത്. മോഷ്ടാവ് തെറിച്ച് കുളത്തിൽ വീണെന്ന് ആശങ്കപ്പെട്ടാണ് തെരച്ചിൽ ആവശ്യപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. പള്ളിക്കത്തോട് പോലീസും സ്ഥലത്തെത്തിയിരുന്നു.