വയോധികയെ കബളിപ്പിച്ച് രണ്ടര പവൻ കവർന്ന ആൾ അറസ്റ്റിൽ
1548073
Monday, May 5, 2025 5:16 AM IST
ചെറായി: ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം വയോധികയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി കൈയിലെ രണ്ടര പവൻ വരുന്ന വളകൾ കവർന്ന പ്രതിയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റിപ്പുറം വട്ടപ്പാറ വലിയകത്ത് കാജാ ഹുസൈൻ(27) ആണ് പിടിയിലായത്.
സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെപ്പറ്റി വടക്കേക്കരയിലെ ഒരു പെട്രോൾ പമ്പിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്തുനിന്ന് ഇയാളെ പിടികൂടിയത്. വളകൾ ഇരിങ്ങാലക്കുടയിലെ ഒരു ജ്വല്ലറിയിൽ നിന്നും പോലീസ് വീണ്ടെടുത്തു.
കഴിഞ്ഞ 16ന് ചെറായി ഗൗരീശ്വരത്തായിരുന്നു സംഭവം. ബസ് കാത്തുനിന്നിരുന്ന വയോധികയെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട് സ്ഥിതി ചെയ്യുന്ന ചെറായി ബേക്കറി സ്റ്റോപ്പിൽ ആക്കാമെന്നു പറഞ്ഞാണ് ഇയാൾ ബൈക്കിൽ കയറ്റിയത്. തുടർന്ന് അമ്മയ്ക്ക് സീരിയസാണെന്നും ആശുപത്രിയിൽ കെട്ടാൻ പൈസ ഇല്ലെന്നും പറഞ്ഞാണ് വയോധികയിൽ നിന്ന് വള ഊരിവാങ്ങിയത്. ഇവർ വീട്ടിലെത്തി വീട്ടുകാരോട് പറഞ്ഞപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലായതും പരാതി നൽകിയതും.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീയുടെ മാല കവർന്ന കേസിലും നോർത്ത് പറവൂർ സ്റ്റേഷൻപരിധിയിൽ വയോധികയുടെ വള കവർന്ന കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
മുനമ്പം സിഐ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിൽ എസ്ഐ ടി.ബി. ബിബിൻ, എഎസ്ഐ മാരായ ബിജു, ശ്രീജി, സിപിഒമാരായ പി.എ, ബിജു, സിജിത്ത്. എം.പി, ജോഷി, സിനുമോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെഅറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.