കാന്‍സര്‍ മാറാരോഗമല്ല: ഡോ. വി.പി. ഗംഗാധരന്
1548074
Monday, May 5, 2025 5:16 AM IST
കൊച്ചി: കാന്‍സര്‍ ഒരു മാറാരോഗമല്ലെന്നും കാന്‍സര്‍ പിടിപെട്ടുകഴിഞ്ഞാല്‍ എല്ലാം അവസാനിച്ചുവെന്നത് മിഥ്യാ ധാരണയാണെന്നും കാന്‍സര്‍രോഗ വിദഗ്ദന് ഡോ. വി.പി. ഗംഗാധരന്. കൊച്ചിന് കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ‘സൗഹൃദ ഗംഗ' എന്ന പേരില്‍ സംഘടിപ്പിച്ച കാന്‍സര്‍ രോഗത്തെ അതിജീവിച്ച കുട്ടികളുടെയും പ്രായമായവരുടെയും സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലരും വിചാരിക്കുന്നത് കാന്‍സര്‍ ബാധിച്ചവര്‍ ജീവിതത്തിലേക്ക് മടങ്ങിവന്നാലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ പ്രാപ്തിയില്ലെന്നാണ്. ഇത് തികച്ചും തെറ്റിദ്ധാരണയാണ്. കാന്‍സര്‍ എന്ന രോഗത്തെ കീഴടക്കി വിജയം നേടിയവരാണ് ഇവിടെ പാട്ടുപാടുകയും നൃത്തം ചവിട്ടുകയുമൊക്കെ ചെയ്യുന്നത്.
രോഗമുക്തി നേടിയതിനു ശേഷം അവര്‍ എല്ലാവരും സാധാരണ ജീവിതം നയിക്കുന്നവരാണ്. കാന്‍സര്‍ ബാധിച്ചവര്‍ ഒരിക്കലും നിരാശപ്പെടേണ്ട കാര്യമില്ലെന്നും മറിച്ച് തങ്ങള്‍ അതിനെ അതിജീവിക്കുമെന്ന ധൈര്യത്തോടെ മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും ഡോ. വി.പി ഗംഗാധരന് പറഞ്ഞു.
കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരെ പ്രതിനിധീകരിച്ച് ദിയ, മനോജ്, ചാന്ദ്നി, ജീവന്, ഗൗരി എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചതോടെയാണ് സംഗമത്തിന് തുടക്കമായത്. എഡിജിപി പി. വിജയന്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ടവിമാലാദിത്യ, റൂറല്‍ എസ്പി സതീഷ്, സംവിധായകന് ജയരാജ്, ചലച്ചിത്രതാരം സഞ്ജു ശിവറാം, വിപിഎസ് ലേക്ഷോര് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള,
ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് എം.ഒ. ജോണ്‍, സെക്രട്ടറി അജയ് തറയില്‍, ഡോ. മോഹന്‍ മാത്യു, മജീഷ്യന്‍ സാമ്രാജ്, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എഴുത്തുകാരി ചന്ദ്രമതി, വയലിനിസ്റ്റ് ബിജു മല്ലാരി തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുത്തു.