ബാലാവകാശ കമ്മീഷന് പരാതി നൽകിയത് വിദ്യാലയങ്ങൾക്കെതിരല്ലെന്ന് സിപിഎം
1548371
Tuesday, May 6, 2025 7:16 AM IST
മൂവാറ്റുപുഴ: വിദ്യാർഥികൾക്കോ വിദ്യാലയങ്ങൾക്കൊ എതിരെയല്ല മാത്യു കുഴൽനാടൻ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ തെറ്റായ പ്രവണതയ്ക്കെതിരെയാണ് എൽഡിഎഫ് ബാലാവകാശ കമ്മീഷന് പരാതി നൽകിയതെന്ന് സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു പത്ര സമ്മേളനത്തിൽ പറഞ്ഞു. കോടികളുടെ കരാർ എടുത്തിരിക്കുന്ന കന്പനിയെ സഹായിക്കുന്നതിനാണ് പൊരിവെയിലത്ത് നഗര മധ്യത്തിൽ വിദ്യാർഥികളെ ഉപയോഗിച്ച് കേബിളുകൾ നീക്കിയത്.
നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് വിദ്യാർഥികൾ അടക്കമുള്ളവരുടെ സേവനം വിനിയോഗിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ കരാർ കന്പനി നീക്കം ചെയ്യേണ്ട കേബിളുകൾ യാതൊരു സുരക്ഷ സംവിധാനവും ഒരുക്കാതെ വിദ്യാലയ അധികൃതരെ സമ്മർദത്തിലാക്കി കുട്ടികളെകൊണ്ട് നീക്കം ചെയ്യിപ്പിച്ചത് അംഗീകരിക്കാനാവില്ല.
എംഎൽഎയുടെ പാർട്ടിയിലെ യുവജന പ്രവർത്തകരെയോ മറ്റോ ഉപയോഗിച്ച് ഇതാകാമായിരുന്നു. വാർത്തയിൽ ഇടംപിടിക്കാൻ എംഎൽഎ വിദ്യാർഥികളെ കരുവാക്കുകയായിരുന്നു. ബന്ധപ്പെട്ട സ്കൂളുകളിലെ എൻഎസ്എസിന്റെ ചുമതലയുള്ള അധ്യാപകരോ രക്ഷിതാക്കളോ അറിയാതെയാണ് കരാർ കന്പനിയെ സഹായിക്കാൻ എംഎൽഎ കുട്ടികളെ തെരുവിൽ ഇറക്കിയത്.
സുപ്രീംകോടതി അഭിഭാഷകൻ കൂടിയായ മാത്യു കുഴൽനാടന് നിയമം അറിയില്ലെന്ന് പറയാനാകില്ല. നഗരത്തിലെ കേബിളുകളും വൈദ്യുത ടെലിഫോണ് പോസ്റ്റുകളുടെ അവശിഷ്ടങ്ങളും കനത്ത വെയിലത്ത് സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച് നീക്കം ചെയ്തത് അംഗീകരിക്കാനാവില്ല.
കച്ചേരിത്താഴം മുതൽ പിഒ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കെആർഎഫ്ഇയുടെ ചുമതലയിലാണ് റോഡ് നിർമാണം നടക്കുന്നത്. ഇവർക്ക് ആവശ്യമായ നിർദേശം നൽകി അവശിഷ്ടങ്ങൾ നീക്കാനാണ് നടപടി സ്വീകരിക്കേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് ബാലാവകാശ കമ്മീഷനെ സമീപിച്ചതെന്നും അനീഷ് പറഞ്ഞു. സിഐടിയു ഏരിയ സെക്രട്ടറി സി.കെ. സോമൻ, സിപിഎം ഏരിയ കമ്മിറ്റിയംഗം റിയാസ് ഖാൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
കേസിൽനിന്ന് സ്കൂൾ അധികൃതരെ ഒഴിവാക്കണമെന്ന് കോണ്ഗ്രസ്
മൂവാറ്റുപുഴ: നഗര വികസനവുമായി ബന്ധപ്പെട്ട് കേബിളുകൾ നീക്കം ചെയ്തതിൽ പങ്കാളികളായ ജനപ്രതിനിധികൾക്കും സ്കൂൾ അധികൃതർക്കുമെക്കെതിരെ കേസെടുത്ത നടപടി ദൗർഭാഗ്യകരമാണെന്ന് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്, നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, ടോമി തന്നിട്ടാമാക്കൽ എന്നിവർ പത്ര സമ്മേളനത്തിൽ ആരോപിച്ചു.
ഈ കേസിൽനിന്ന് സ്കൂൾ അധികൃതരെ ഒഴിവാക്കണം. കേസ് രാഷ്ട്രീയപരമാണ്. അതുകൊണ്ട് തന്നെ സ്കൂൾ അധികാരികളെയും വിദ്യാർഥികളെയും അപമാനിക്കുന്ന നടപടി പരാതി നൽകിയ എൽഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതായിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎയും മറ്റു ജനപ്രതിനിധികളും ഈ കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് പോസ്റ്റുകൾ മാറ്റുന്നതിനിടെ ബാക്കിവന്ന കേബിളുകൾ അലക്ഷ്യമായി കിടന്നിരുന്ന അവസ്ഥയിലായിരുന്നു. നിരവധി തവണ ഈ കേബിളുകൾ നീക്കം ചെയ്യുന്നതിന് വിവിധ വകുപ്പുകളോട് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
കേബിളുകൾ അലക്ഷ്യമായി കിടക്കുന്നത് ഇരുചക്ര വാഹന യാത്രികർക്ക് അപകടം സൃഷ്ടിക്കുന്ന അവസ്ഥയിലായിരുന്നു. ഇത് മുന്നിൽ കണ്ടിട്ടാണ് സെന്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂളിലെയും തർബിയത്ത് ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികൾ എൻഎസ്എസ് ക്യാന്പിന്റെ ഭാഗമായി നീക്കം ചെയ്തത്. എറണാകുളം ജില്ലയിലെ മികച്ച എൻഎസ്എസ് യുണിറ്റുകൾക്ക് നേതൃത്വം നൽകുന്ന ഈ വിദ്യാലങ്ങളിലെ കുട്ടികൾക്കെതിരെ പരാതി നൽകിയതിലൂടെ എന്ത് സന്ദേശമാണ് എൽഡിഎഫ് നൽകുന്നതെന്ന് നേതാക്കൾ വ്യക്തമാക്കണം.
കുട്ടികളെ വെയിലത്ത് നിർത്തി ജോലി ചെയ്യിച്ചു എന്ന ആരോപണവും തെറ്റാണ്. രാവിലെ എട്ട് മുതൽ 10 വരെയാണ് വിദ്യാർഥികൾ കേബിളുകൾ നീക്കിയത്. എൻഎസ്എസിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾ ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾ മുൻപും മൂവാറ്റുപുഴ നഗരത്തിൽ നടത്തിയിട്ടുണ്ട്. സേവന പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന് മാതൃകയാകുന്ന വിദ്യാർഥികളെ അപമാനിക്കുന്ന നടപടിയാണ് എൽഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത്. എൽഡിഎഫ് നിയോജകമണ്ഡലം ഭാരവാഹികളാണ് ഇതുസംബന്ധിച്ച് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്. നഗര വികസനം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് പരാതിയെന്നും നേതാക്കൾ ആരോപിച്ചു.