ഓപ്പറേഷൻ തിയറ്ററും ലേബർ റൂമും അടഞ്ഞുകിടക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ച് നാളെ
1548372
Tuesday, May 6, 2025 7:16 AM IST
കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററും ലേബർ റൂമും മാസങ്ങളായി അടഞ്ഞുകിടക്കുന്നതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ മാർച്ച് നടത്തും.
രാവിലെ 10ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാർച്ച് ഉദ്ഘാടനം ചെയ്യും. ആദിവാസികളടക്കം നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന കോതമംഗലത്തെ താലൂക്ക് ആശുപത്രിയിൽ ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് മാസങ്ങളായി ചികിത്സ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം.
അശാസ്ത്രീയമായ കെട്ടിട നിർമാണമാണ് ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നതെന്നും ചട്ടങ്ങൾ പാലിക്കാതെയാണ് നിർമാണ പ്രവർത്തനം നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു. ഒരു വർഷത്തിലധികമായി ഓർത്തോ ഡോക്ടർ ഇല്ലാത്തതും പോലീസ് സർജനെ നിയമിക്കാത്തതും മെഡിക്കൽ ബോർഡ് കൂടാത്തതും എംഎൽഎയുടെയും നഗരസഭാധ്യക്ഷന്റെയും അനാസ്ഥകൊണ്ടാണെന്നും ഉടൻ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരത്തിന് കോണ്ഗ്രസ് നേതൃത്വം നൽകുമെന്നും ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഷമീർ പനയ്ക്കൽ, ബാബു ഏലിയാസ് എന്നിവർ അറിയിച്ചു.
കോതമംഗലം ഗവ. ആശുപത്രി പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിൽ: ഷിബു തെക്കുംപുറം
കോതമംഗലം: സർക്കാർ ആശുപത്രിയിലെ പ്രവർത്തനങ്ങൾ സ്തംഭിച്ച നിലയിലാണെന്ന് യുഡിഎഫ് ജില്ലാ കണ്വീനർ ഷിബു തെക്കുംപുറം. ആശുപത്രിയിൽ ഓർത്തോ ഡോക്ടർ അടക്കമുള്ള ഡോക്ടർമാരുടെ സേവനം ഇല്ലാതായിട്ട് നാളുകളായി. കോതമംഗലം ഗവ. ആശുപത്രി മറ്റ് ആശുപത്രികൾക്ക് രോഗികളെ കൈമാറുന്ന റഫറൽ ആശുപത്രിയായി അധപതിച്ചിരിക്കുകയാണെന്നും ഷിബു തെക്കുംപുറം ആരോപിച്ചു.
ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ച് ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കുകയും നടന്നിട്ടുള്ള കെട്ടിട നിർമാണ ചട്ടലംഘനത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും യുഡിഎഫ് കണ്വീനർ പറഞ്ഞു.
‘കോതമംഗലം താലൂക്ക് ആശുപത്രിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണം’
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമായിട്ടുണ്ടെന്നും അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ആന്റണി ജോണ് എംഎൽഎ, നഗരസഭാധ്യക്ഷൻ കെ.കെ. ടോമി എന്നിവർ പറഞ്ഞു.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടക്കുന്ന 11.15 കോടിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഓപ്പറേഷൻ തിയേറ്റർ അടച്ചിടേണ്ടിവന്നത്. ഈ നിർമാണ പ്രവർത്തനങ്ങളിൽ പുതിയ നേത്ര വിഭാഗം ഓപ്പറേഷൻ തിയേറ്റർ, അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള പുതിയ വാർഡ് എന്നിവ കൂടാതെ നിലവിലെ മുഴുവൻ കെട്ടിടങ്ങളും ആധുനികവത്കരിക്കുന്ന പ്രവർത്തനങ്ങൾകൂടെ ഉൾപ്പെട്ടിട്ടുണ്ട്.
പഴയ കെട്ടിടങ്ങളിൽ മുഴുവൻ ഫയർ ലൈൻ, 30 കാമറകളോടുകൂടിയ സിസിടിവി, ഇന്റർകോം സംവിധാനം, ആശുപത്രിയിൽ എല്ലാ പൊതുസ്ഥലങ്ങളിലും സ്പീക്കർ സ്ഥാപിക്കുക, പുതിയ ട്രാൻസ്ഫോർമർ ഉൾപ്പെടെ പുതിയ സബ്സ്റ്റേഷൻ, വിപുലീകരിച്ച മെഡിക്കൽ ഗ്യാസ് പ്ലാന്റ്, 30 കിലോ വാട്ട് സോളാർ സിസ്റ്റം, പുതിയ ലിഫ്റ്റ്, പഴയ കെട്ടിടങ്ങളുടെ പെയിന്റിംഗ്, സീലിംഗ് വർക്കുകൾ തുടങ്ങി ആശുപത്രിയുടെ ഗുണനിലവാരം ഗണ്യമായി ഉയർത്തുന്ന ഒരു പദ്ധതിയാണിത്.
കഴിഞ്ഞ ഒരു വർഷത്തോളമായി നടക്കുന്ന ഈ പദ്ധതി അതിന്റെ അവസാന ഘട്ടത്തിലാണ്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ പണിചെയ്യണമെങ്കിൽ അത് ഘട്ടം ഘട്ടമായി അടച്ചിടേണ്ടിവരുമെന്നുള്ളത് സ്വാഭാവികമാണ്. പണി പൂർത്തീകരിച്ച വാർഡുകളിലെല്ലാം രോഗികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചാണ് ഇതു സാധിച്ചത്. എന്നാൽ ഓപ്പറേഷൻ തീയറ്ററിന്റെ കാര്യത്തിൽ ഇങ്ങനെ മാറ്റി മറ്റൊരു ഇടം കണ്ടെത്താൻ കഴിയില്ല. ആശുപത്രിയുടെ പ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കുന്നതിനു വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് എംഎൽഎയും നഗരസഭാധ്യക്ഷനും അഭ്യർഥിച്ചു.