പറവൂർ കച്ചേരി മൈതാനത്ത് കോടതി നിർമാണത്തിന് 52 സെന്റ് സ്ഥലം കൂടി
1548376
Tuesday, May 6, 2025 7:17 AM IST
പറവൂർ: കച്ചേരി മൈതാനിയിൽ പുതിയ കോടതി സമുച്ചയം നിർമിക്കാനായി 52 സെന്റ് റവന്യു ഭൂമി നിയമ വകുപ്പിനു കൈമാറി. കോടതി കെട്ടിടങ്ങൾ അങ്ങിങ്ങായി സ്ഥിതി ചെയ്യുന്നതും നിലവിലുള്ള കെട്ടിടങ്ങളുടെ കാലപ്പഴക്കവുമാണ് കോടതി സമുച്ചയമെന്ന ആവശ്യത്തിന് 2012ൽ തുടക്കമിട്ടത്.
ആവശ്യം പരിഗണിച്ച് സർക്കാർ 50 സെന്റ് സ്ഥലം കച്ചേരി മൈതാനിയിൽ അനുവദിച്ചിരുന്നു. എന്നാൽ സൗകര്യപ്രദമായ കെട്ടിടം പണിയാൻ ഈ സ്ഥലം മതിയാകില്ലെന്നും കൂടുതൽ സ്ഥലം വേണമെന്നും ആവശ്യപ്പെട്ട് അഡ്വ. പി.എ. അയൂബ് ഖാൻ ഹൈക്കോടതിൽ നൽകിയ ഹർജിയിൽ ബാർ അസോസിയേഷൻ കക്ഷി ചേർന്നു. ഈ കേസിന്റെ വിധി പ്രകാരം സർക്കാർ അനുവദിച്ച 52 സെന്റ് ഭൂമിയുടെ കൈമാറ്റമാണ് നടന്നത്.
ഇതോടെ പുതിയ കോടതി കെട്ടിടങ്ങളുടെ നിർമാണത്തിന് ഒരേക്കർ രണ്ട് സെന്റ് സ്ഥലം ലഭ്യമായി. തഹസിൽദാർ ടോമി സെബാസ്റ്റ്യൻ ജില്ലാ ജഡ്ജി വി. ജ്യോതിക്ക് ഭൂമി സംബന്ധിച്ച രേഖകൾ കൈമാറി. പറവൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.എ. കൃഷ്ണകുമാർ, സെക്രട്ടറി അഡ്വ. ശ്രീറാം ഭരതൻ, എക്സിക്യൂട്ടീവ് അംഗം അഡ്വ. സുജിത്ത് എന്നിവർ പ്രസംഗിച്ചു.