തോട്ടയ്ക്കാട്ടുകര മിനി മാർക്കറ്റ്: പദ്ധതി തുക എട്ടു കോടിയായി കിഫ്ബി ഉയർത്തി
1548381
Tuesday, May 6, 2025 7:17 AM IST
ആലുവ: ഒന്നര പതിറ്റാണ്ടായി ആലുവ നഗരസഭാ ബജറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തോട്ടയ്ക്കാട്ടുകര മിനി മാർക്കറ്റിന്റെ പുനർനിർമാണത്തിന് വീണ്ടും ജീവൻ വയ്ക്കുന്നു. ജീർണാവസ്ഥയിലായ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പുനർനിർമാണം ഉടനെ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.
പദ്ധതിയ്ക്ക് ഏതാനും വർഷം മുമ്പ് കിഫ്ബി ഫണ്ട് അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതി നീണ്ടുപോകുകയായിരുന്നു. അടങ്കൽ തുകയായ 5,13,06,612 രൂപയിൽ നിന്ന്, 8,08,64,300 രൂപയായി കിഫ്ബി ഡയറക്ടർ ബോർഡ് യോഗം പുതുക്കി ഭരണാനുമതിയും സാമ്പത്തികാനുമതിയും നൽകിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചിരിക്കുന്നത്.
ഡിസൈൻ, ഷെഡ്യൂൾ റേറ്റ്, ജിഎസ്ടി തുടങ്ങിയവയിൽ വന്നിട്ടുള്ള വ്യത്യാസങ്ങളുടെയും കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെയും അടിസ്ഥാനത്തിലാണ് പദ്ധതി തുക പുതുക്കിയത്. ഇപാക്ട് കേരളയാണ് നിർവഹണഏജൻസി.
പുതുക്കിയ അടങ്കൽ പ്രകാരമുള്ള ഭരണാനുമതിയും സാമ്പത്തിക അനുമതിയും നൽകി കിഫ്ബി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. നിർദിഷ്ട ആലുവ മാർക്കറ്റ് പദ്ധതിയോടൊപ്പം ദേശീയ പാതയോടു ചേർന്നുള്ള തോട്ടക്കാട്ടുകര മിനി മാർക്കറ്റ് പദ്ധതിയും നടപ്പിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആലുവ നഗരസഭ.