വികസന സമിതി ഫണ്ടിൽ ലക്ഷങ്ങളുടെ ക്രമക്കേട്
1548392
Tuesday, May 6, 2025 7:27 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ആശുപത്രി വികസന സമിതി ഫണ്ടുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ഓഡിറ്റ് കമ്മിറ്റി ഏഴു ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തി.
ഇന്നലെ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ സൂപ്രണ്ട് ഡോ. സി. സുമയാണ് ഇക്കാര്യം അറിയിച്ചത്. എച്ച്എംസി വരവു ചെലവ് കണക്കുമായി ബന്ധപ്പെട്ടു നടന്ന ഓഡിറ്റ് റിപ്പോർട്ട് യോഗത്തിൽ കമ്മറ്റിഅംഗങ്ങൾക്ക് നൽകാത്തതിനെക്കുറിച്ച് ആശുപത്രി വികസന സമിതിയംഗം സി. വിനോദ് ചോദ്യം ചെയ്തതിന് മറുപടിയായാണ് സൂപ്രണ്ട് ക്രമക്കേട് വിവരം വ്യക്തമാക്കിയത്.
ആശുപത്രി ഓഫീസിൽ ക്ലറിക്കൽ സ്റ്റാഫിന്റെ അഭാവം മൂലം യഥാസമയം കണക്കുകളും രസീതുകളും ചേർക്കാത്തതാകാം ഓഡിറ്റിൽ ക്രമക്കേടായി വന്നതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. എന്നാൽ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച് വിശദമായി ചർച്ചചെയ്യാൻ അടിയന്തര യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ മൃതദേഹം ബന്ധുക്കൾക്ക് മാറി നൽകിയത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശങ്ങൾ നൽകുവാനും ആശുപത്രി സൂപ്രണ്ട് ഡോ. സി. സുമ, നഗരസഭാ മുൻ ചെയർമാൻ ആർ. വേണുഗോപാൽ, ആരോഗ്യവിഭാഗം സ്ഥിരംസമിതി അധ്യക്ഷൻ സി.എ.ബെന്നി, നഗരസഭാ കൗൺസിലർ രാധിക വർമ എന്നിവരെ യോഗം ചുമതലപ്പെടുത്തി.
നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ബാബു എംഎൽഎ, ആശുപത്രി വികസനസമിതി അംഗങ്ങളായ ആർ. വേണുഗോപാൽ, സി.എൻ. സുന്ദരൻ, കെ.കെ. മോഹനൻ, കോൺഗ്രസ് ബ്ലോക്ക് മുൻ പ്രസിഡന്റ് സി. വിനോദ്, സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി രാകേഷ് പൈ തുടങ്ങിയവർ പങ്കെടുത്തു.