എട്ടു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍
1548395
Tuesday, May 6, 2025 7:28 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച എട്ടു കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍. ടുണാ നായിക്ക് (41), ഗഗന് ഉത്താന്സിന് (31) എന്നിവരെയാണ് നാര്‍കോട്ടിക് സെല്‍ എസി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്.
സ്ഥിരം ലഹരി വില്പനക്കാരനായ ടുണാ നായിക്കിന്റെ പേരില്‍ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസുണ്ട്. ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും കഞ്ചാവുമായി പിടിയിലാവുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 6.30 ന് ഇടപ്പള്ളി അഞ്ചുമന ഭാഗത്തെ ഹോട്ടലിനു സമീപത്തുവച്ചാണ് ഇരുവരെയും സംശയാസ്പദ രീതിയില്‍ കണ്ടത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്ത് രണ്ടു പേരുടെയും ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് 4,000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങി കൊച്ചിയിലെത്തിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികളായ മലയാളികള്‍ക്കും വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പിടിയിലായവർ.
ഇവിടെയെത്തിക്കുന്ന കഞ്ചാവ് അഞ്ചു ഗ്രാം വീതമുള്ള പായ്ക്കറ്റുകളിലാക്കിയാണ് വില്പന. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.