യുവാവിനെ ആക്രമിച്ച് കവര്‍ച്ച: മൂന്നുപേര്‍ പിടിയില്‍
1548396
Tuesday, May 6, 2025 7:28 AM IST
കൊച്ചി: യുവാവിനെ ആക്രമിച്ച് മൊബൈല്‍ഫോണും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര് പിടിയില്‍. നിരവധി മോഷണ കേസുകളില്‍ പ്രതികളായ ഇര്‍ഷാദ് (20), ഇര്ഫാന് (21), ആദിത്യന് (19) എന്നിവരെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. തിരുവനന്തപുരം സ്വദേശി അഭിജിത്തിനെയാണ് പ്രതികള്‍ ആക്രമിച്ചത്.
കറുകപ്പിള്ളിയിലെ ജ്യൂസ് കടയിലെത്തിയ അഭിജിത്തിനോട് അക്രമിസംഘം അസഭ്യം പറയുകയും ബൈക്കിന്റെ താക്കോലും മൊബൈല്‍ഫോണും തട്ടിയെടുക്കുകയുമായിരുന്നു. ഇവ വിട്ടുതരണമെങ്കില്‍ പണം വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു.
ഇതിന് തയാറാകാതെ വന്നതോടെ അക്രമിസഘം യുവാവിനെ ബലമായി പിടിച്ചുകൊണ്ടുപോയി കറുകപ്പിള്ളി, കലൂര്‍ സ്റ്റേഡിയം, ചങ്ങമ്പുഴ പാര്‍ക്ക് എന്നിവിടങ്ങളിലെത്തിച്ച് മര്‍ദിച്ചു. യുവാവിന്റെ കൈവശമുണ്ടായിരുന്ന 6300 രൂപയും അക്രമിസംഘം തട്ടിയെടുത്തു.
യുവാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എളമക്കര പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.