കാർ മതിലിൽ ഇടിച്ച് വൃദ്ധദന്പതികൾക്ക് പരിക്ക്
1548401
Tuesday, May 6, 2025 7:28 AM IST
കൂത്താട്ടുകുളം: എംസി റോഡിൽ കരിന്പനയ്ക്ക് സമീപം കാർ മതിലിൽ ഇടിച്ച് വൃദ്ധദന്പതികൾക്ക് പരിക്ക്. വാളകം ആബേൽ വില്ല ജോർജ് തോമസ് (77), ഭാര്യ മേരി ജോർജ് (76) എന്നിവർക്കാണ് പരിക്കേറ്റത്. കൂത്താട്ടുകുളം ഭാഗത്തുനിന്ന് വാളകത്തിന് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇന്നലെ വൈകുന്നേരം നാലിനാണ് അപകടം. പരിക്കേറ്റ ഇരുവരെയും കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മേരി ജോർജിനെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി.
കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ചുറ്റും മതിലിന്റെ ഭാഗമായുള്ള കരിങ്കൽ ഭിത്തിയും തകർന്നിട്ടുണ്ട്.