മൂവാറ്റുപുഴയിൽ കാറുകൾ കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്ക്
1548402
Tuesday, May 6, 2025 7:28 AM IST
മൂവാറ്റുപുഴ: കാറിൽ മറ്റൊരു കാറിടിച്ച് കാർ യാത്രക്കാരായ മൂന്ന് കുട്ടികളുൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് കാർ റോഡിൽ തലകീഴായ് മറിഞ്ഞു. ഞായറാഴ്ച രാത്രി 11ഓടെ മൂവാറ്റുപുഴ ആശ്രമം സ്വകാര്യ ബസ്റ്റാന്റിനു മുന്പിലായിരുന്നു അപകടം.
നോർത്ത് മഴുവന്നൂർ വരുകാലാകുടിയിൽ അരുണ്‍ (42), ഭാര്യ രമ്യ (35), മക്കളായ ആദി കൃഷ്ണ, ആദിദേവ്, ആദിത്ത്, കണ്ണൂർ സ്വദേശി ബിനോയി വിൻസെന്റ് (32), പാലക്കാട് സ്വദേശി വൈശാഖ് (21) എന്നിവർക്കാണ് നിസാര പരിക്കേറ്റത്. തൊടുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിൽ ആശ്രമം റോഡിൽനിന്നും ഇറങ്ങിവന്ന മറ്റൊരു കാർ പ്രധാന റോഡിലേക്ക് കയറുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് മാരുതി സ്വിഫ്റ്റ് കാർ റോഡിൽ തലകീഴായ് മറിഞ്ഞു. കുട്ടികളുൾപ്പെടെയുള്ളവരുടെ കരച്ചിൽകേട്ട് സമീപത്തെ ഹോട്ടലിലെ ജീവനക്കാരടക്കമുള്ളവർ ഓടിയെത്തി കാറിലെ എല്ലാവരെയും രക്ഷപ്പെടുത്തി. പരിക്കേറ്റവരെ നിർമല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിനും കേടുപാടുകൾ സംഭവിച്ചു. ഇടിച്ച വാഹനത്തിന്റെ മുന്നിലെ ടയർ പൊട്ടിപോയി.
മൂവാറ്റുപുഴ ഹൗസിംഗ് ബോർഡിലെ താമസക്കാരായ അരുണ്‍, ഭാര്യ ദിവ്യ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കില്ല. സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.