റോ-റോ വീണ്ടും തകരാറിൽ : വൈപ്പിനിലും ഫോർട്ടുകൊച്ചിയിലും വാഹനങ്ങളുടെ നീണ്ട നിര
1548574
Wednesday, May 7, 2025 3:38 AM IST
ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചിയിൽ നിന്ന് വൈപ്പിനിലേക്കും തിരിച്ചും സർവീസ് നടത്തുന്ന സേതുസാഗർ-2 റോ-റോ ജങ്കാർ തകരാറിലായതോടെ യാത്രക്കാർ ദുരിതത്തിലായി. ജങ്കാറിന്റെ സ്റ്റാർ ബോർഡ് ഭാഗം പ്രധാന എൻജിന്റെ സോളിനോയിഡ് കത്തിപ്പോയതാണ് കാരണം. ഇവ കത്തിപ്പോയതിനാൽ റോ- റോയുടെ മുന്നറിയിപ്പ് അലാറവും ലൈറ്റും പ്രവർത്തിക്കില്ല.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തകരാറിലായത്. റോ-റോ അറ്റകുറ്റ പണികൾക്കായി മാറ്റിയിട്ടുണ്ട്. നിലവിൽ സേതുസാഗർ ഒന്ന് റോ-റോ വെസൽ മാത്രമാണ് സർവീസ് നടത്തുന്നത്. സാധാരണ ഗതിയിൽ റോ-റോ തകരാറിലായാൽ പരിഹരിക്കുന്നതിന് ആഴ്ചകൾ എടുക്കും.
പുതിയ സോളിനോയിഡിനുള്ള ഓർഡർ നൽകിയിട്ടുണ്ടെങ്കിലും ഇത് എത്തിച്ച് തകരാർ പരിഹരിക്കുന്നതിന് നാളുകളെടുക്കും. ഇന്നലെ നൂറുകണക്കിന് ഇരു ചക്ര വാഹനങ്ങളാണ് ഇരുകരകളിലും കാത്തുകിടന്നത്. വാഹനങ്ങളോടൊപ്പം യാത്രക്കാരും റോ-റോയിൽ മറുകര കടക്കാൻ കഴിയാതെ വലയുന്ന സാഹചര്യം കാണാമായിരുന്നു.
റോ- റോ സർവീസിനോടൊപ്പം ഫോർട്ട്കൊച്ചിയിൽ നിന്ന് യാത്രക്കാർക്ക് മറുകര കടക്കാൻ ഫോർട്ട്ക്യൂൻ ബോട്ടുണ്ടായിരുന്നു. എന്നാൽ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതിന്റെ പേരിൽ ഇപ്പോൾ ഈ ബോട്ട് തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയാണ്. അടിക്കടിയുണ്ടാകുന്ന റോ- റോ ജങ്കാറിന്റെ തകരാർ ജനങ്ങളെ വലക്കുന്ന അവസ്ഥയാണ്.
ഫോർട്ട്ക്യൂൻ ബോട്ട് അറ്റകുറ്റപണി പൂർത്തിയാക്കി നീറ്റിലിറക്കണമെന്ന് പല തവണ കൗൺസിലിൽ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പ്രതിപക്ഷനേതാവും വാർഡ് കൗൺസിലറുമായ ആന്റണി കുരീത്തറ പറഞ്ഞു.
അതേ സമയം റോ- റോ യുടെ എൻജിന് തകരാറില്ലെന്നും മുന്നറിയിപ്പ് അലാറവും ലൈറ്റും മാത്രമാണ് പ്രവർത്തിക്കാത്തത്. ഇവ ഇല്ലാതെ ഇന്ന് റോ- റോ സർവീസ് നടത്തുമെന്ന് റോ- റോ നടത്തിപ്പുകാരായ കെഎസ്ഐഎൻസി അധികൃതർ പറഞ്ഞതായി ആന്റണി കുരീത്തറ പറഞ്ഞു.