അപകടഭീഷണിയായി വണ്ടിത്താവളം ടൗൺ റോഡിലെ കുഴികൾ
1243350
Saturday, November 26, 2022 12:28 AM IST
വണ്ടിത്താവളം: വാഹന അപകടങ്ങൾ പതിവായ വണ്ടിത്താവളം നാലുമൊക്കു ജംഗ്ഷനിലെ കുഴി അറ്റകുറ്റപ്പണി നടത്തണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യത്തിനു പൊതുമരാമത്ത് കൽപ്പിക്കുന്നത് പുല്ലുവില.
ഈ സ്ഥലത്തു ഇരു ചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയുന്നത് പതിവായിരിക്കയാണ്. വെട്ടിപ്പൊളിച്ച റോഡ് ശരിപ്പെടുത്താത്തതാണ് റോഡിൽ ഗർത്തമുണ്ടാവാൻ കാരണമായത്.
മുൻപ് ഈ സ്ഥലത്ത് നിയന്ത്രണംവിട്ട കാറിടിച്ച് യാത്രക്കാരൻ മരണപ്പെട്ടിരുന്നു.
ഇതു കൂടാതെ വൈദ്യുതി തൂണുമായി വന്ന ഉന്തുവണ്ടി അഴുക്കു ചാലിൽ വീണ് രണ്ടു കരാർ തൊഴിലാളികൾക്ക് ഗുരുതരമായ പരിക്കു പറ്റിയിട്ടുമുണ്ട്.
സ്കൂൾ ഗ്രൗണ്ട് റോഡിൽ നിന്നും ടൗണിലേക്ക് കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ പല തവണ മറ്റു വാഹനങ്ങൾക്കും അപകടം നടന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് സ്കൂൾ ഗ്രൗണ്ട് മുതൽ പുഴപ്പാലം വരെ റോഡിലെ ഓട്ടയടക്കൽ ജോലികൾ നടന്നിരുന്നു.
എന്നാൽ വാഹനയാത്രക്കാർക്ക് ഏറെ സഞ്ചാരമായ ടൗണിലെ ഗർത്തം ശരിപ്പെടുത്താതെ പോയതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്.