ജില്ലാ കലോത്സവത്തിനു കൊടിയിറങ്ങി
1244995
Friday, December 2, 2022 12:24 AM IST
ഒറ്റപ്പാലം: കലയുടെ കനകച്ചിലങ്കകൾക്ക് നാദം നിലച്ചു. നിളാതടത്തിനരികിൽ നാല് ദിവസമായി നടന്നുവന്നിരുന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി.
രാവേറെ ചെല്ലുന്പോഴും നൃത്തത്തിനായ് മിഴി തുറന്ന കലോത്സവ വേദികൾ കണ്ണുനീരിന്റെയും പരാതികളുടെയും വേദിയായാണ് അരങ്ങൊഴിഞ്ഞത്.
പകലിരവുകൾക്ക് ഉത്സവപ്രതീധിയുടെ ചെഞ്ചായം വാരി പൂശിയ കലാ മാമാങ്കം അവസാനിക്കുന്പോൾ അപ്പീലുകളുടെ പ്രവാഹമാണ് ബാക്കിപത്രം.
പോലീസ് ഇടപെടലും കസ്റ്റഡിയും വിധികർത്താക്കൾക്കെതിരായ അഴിമതി ആരോപണങ്ങളും കൊണ്ട് കലോത്സവം കരിന്തിരി കത്തി. സംഘാടകരുടെ അശ്രദ്ധയും പിടിപ്പുകേടുകളും മേളയുടെ ചാരുത കെടുത്തി. സമാപന സമ്മേളനം നടക്കുന്പോഴും രാത്രി ഏറെ വൈകി മത്സരങ്ങൾ കനക്കുകയായിരുന്നു. വിജയികളായവർ ഇനി സംസ്ഥാന സ്കൂൾ കലോത്സവത്തിന് മാറ്റുരയ്ക്കാനുള്ള തയാറെടുപ്പിലാവും. നാല് ദിവസങ്ങളിലായി നടന്നുവന്നിരുന്ന കലോത്സവത്തിൽ 278 ഇനങ്ങളിലായി 20 പരം വേദികളിൽ പതിനായിരത്തോളം മത്സരാർഥികളാണ് മാറ്റുരക്കാൻ എത്തിയത്.
കെ. മുഹമ്മദ് മുഹ്സിൻ എംഎൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. നഗരസഭ ചെയർപേഴ്സൻ കെ. ജാനകിദേവി വിജയികളെ പ്രഖ്യാപിച്ചു.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് കോട്ടയ്ക്കൽ നന്ദകുമാരൻ നായർ, ഡിഡിഇ പിവി. മനോജ് കുമാർ പ്രസംഗിച്ചു.